ഫ്രാൻസിൽ നടക്കാനിരിക്കുന്ന ജി7 (G7) ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ട്. ജൂൺ 17-നായിരിക്കും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
2025 ഫെബ്രുവരിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഇവരുടെ സുപ്രധാന കൂടിക്കാഴ്ചയാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പ്രത്യേക ക്ഷണപ്രകാരം ജൂൺ 16, 17 തീയതികളിൽ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കും.
ജൂൺ 15 മുതൽ 17 വരെയാണ് ഫ്രാൻസിൽ ഉച്ചകോടി നടക്കുന്നത്. ആഗോള പങ്കാളിത്തം, സുസ്ഥിരമായ സാമ്പത്തിക വളർച്ച, കൃത്രിമബുദ്ധിയുടെ (AI) സുരക്ഷിതമായ വിനിയോഗം തുടങ്ങിയ വിഷയങ്ങളിൽ ജി7 നേതാക്കളുമായും വിവിധ രാജ്യാന്തര സംഘടനാ പ്രതിനിധികളുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന തീരുവയും, ഇന്ത്യ-പാകിസ്ഥാൻ വിഷയത്തിൽ ഇടപെടാമെന്ന ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞതും ശ്രദ്ധേയമായിരുന്നു.
ഈ സാഹചര്യത്തിൽ, എച്ച്1 ബി (H1B) വിസാ നയങ്ങൾ, വ്യാപാര കരാറുകൾ, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

