സാൻഫ്രാൻസിസ്കോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ യൂറോപ്യൻ കരുത്തരായ സ്വിറ്റ്സർലൻഡിനെതിരെ ഖത്തർ തകർപ്പൻ സമനില സ്വന്തമാക്കി. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.
ഈ സമനിലയോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പോയിന്റ് പട്ടികയിൽ ഇടംപിടിക്കാൻ ഖത്തറിനായി. മത്സരത്തിന്റെ തുടക്കം മുതൽ സ്വിസ് പട
കളത്തിൽ ആധിപത്യം പുലർത്തിയിരുന്നു. ഇതിന്റെ ഫലമായി 17-ാം മിനിറ്റിൽ ബ്രീൽ എംബോളോയിലൂടെ അവർ മത്സരത്തിൽ മുന്നിലെത്തി.
ഗോൾ വഴങ്ങിയെങ്കിലും പതറാതെ പൊരുതിയ ഖത്തർ കളി തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ (90+5′) ബൗലെം ഖൂഖി ആണ് ഖത്തറിന്റെ സമനില ഗോൾ നേടിയത്.
ഹൊമാം അൽ അമീൻ നൽകിയ ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബെലിനെ കാഴ്ചക്കാരനാക്കി ഖൂഖി വലയിലെത്തിക്കുകയായിരുന്നു. ഖത്തർ ടീമിൽ മലയാളി താരം തഹ്സീൻ കളിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, ഇന്നത്തെ മത്സരത്തിൽ അദ്ദേഹം ഇറങ്ങിയില്ല.
ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ, സ്വന്തം മണ്ണിലല്ലാതെ ലോകകപ്പിൽ കളിക്കുന്ന ആദ്യ അവസരമാണിത്. 2022-ൽ ആതിഥേയരെന്ന നിലയിലാണ് ഖത്തർ നേരത്തെ ലോകകപ്പിൽ പങ്കെടുത്തത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും സമനിലയിൽ പിരിഞ്ഞതോടെ, ഗ്രൂപ്പിലെ നാല് ടീമുകൾക്കും നിലവിൽ തുല്യ പോയിന്റാണുള്ളത്. കരുത്തരായ യൂറോപ്യൻ ടീമിനെതിരെ അവസാന നിമിഷം നേടിയ ഈ സമനില ഖത്തറിന്റെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ സുപ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

