നഗരത്തിൽ വർധിച്ചുവരുന്ന ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി **കൊച്ചി സിറ്റി പോലീസ്** അടിയന്തര അവലോകന യോഗം ചേർന്നു. പുതിയ അധ്യയന വർഷം ആരംഭിച്ചതും, മെട്രോ വികസനവും ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങളും നഗരത്തിലെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ വിലയിരുത്തി.
ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നടന്ന യോഗത്തിൽ കമ്മീഷണർ എസ്.
കാളിരാജ് മഹേഷ് കുമാർ ഐപിഎസ് അധ്യക്ഷത വഹിച്ചു. ഡിസിപി ഷഹൻഷാ ഐപിഎസ്, കൊച്ചി സിറ്റി വെസ്റ്റ്, ഈസ്റ്റ് എസിപിമാർ എന്നിവർക്ക് പുറമെ പൊതുമരാമത്ത് വകുപ്പ്, കൊച്ചി മെട്രോ, എൻഎച്ച്എഐ, കൊച്ചി കോർപ്പറേഷൻ, കേരള വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ഇടപ്പള്ളി, പാലാരിവട്ടം, ചേരാനല്ലൂർ, ഇടച്ചിറ, വൈറ്റില, തിരുവാങ്കുളം, തേവര, ബോൾഗാട്ടി, പള്ളിമുക്ക്, ഹൈക്കോടതി, കലൂർ, കടവന്ത്ര, പച്ചാളം, വാതുരുത്തി തുടങ്ങിയ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതം സുഗമമാക്കാൻ അതത് വകുപ്പുകൾ സ്വീകരിക്കേണ്ട
നടപടികളെക്കുറിച്ച് കമ്മീഷണർ നിർദ്ദേശങ്ങൾ നൽകി. ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗതാഗത പ്രശ്നങ്ങൾക്ക് പൂർണ്ണമായ പരിഹാരം കാണുന്നത് വരെ എല്ലാ മാസവും ഇത്തരം അവലോകന യോഗങ്ങൾ കൃത്യമായി ചേരുമെന്ന് എസ്. കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി അടുത്ത മാസത്തെ അവലോകന യോഗത്തിൽ വിലയിരുത്തും.
കൊച്ചി നഗരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

