ഫുട്ബോൾ മൈതാനത്തെ ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി റഗ്ബി ടീമുകൾ പിന്തുടരുന്ന മാതൃക ബ്രസീൽ ദേശീയ ടീമും സ്വീകരിക്കുന്നു. ഗ്യാലറിയിലെ ആരവങ്ങൾക്കിടയിൽ പരിശീലകരുടെ നിർദ്ദേശങ്ങൾ കളിക്കാർക്ക് വ്യക്തമായി കേൾക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം.
ഇതിന്റെ ഭാഗമായി കളിക്കാർ തങ്ങളുടെ കൈകളിൽ പ്രത്യേക ടാക്റ്റിക്കൽ റിസ്റ്റ് ബാൻഡുകൾ അണിയാൻ തീരുമാനിച്ചു. കളിയുടെ തന്ത്രങ്ങൾ, ഫോർമേഷനുകൾ, പൊസിഷനുകൾ എന്നിവ അടങ്ങിയ കോഡുകളാണ് ഈ റിസ്റ്റ് ബാൻഡുകളിൽ ഉണ്ടാവുക.
സെറ്റ് പീസുകൾ ലഭിക്കുന്ന സാഹചര്യത്തിൽ, കോച്ച് നൽകുന്ന നമ്പറുകളോ കളർ കോഡുകളോ പരിശോധിച്ച് താരങ്ങൾക്ക് വളരെ വേഗത്തിൽ അടുത്ത നീക്കം തീരുമാനിക്കാൻ സാധിക്കും. പ്രത്യേകിച്ചും ത്രോ-ഇന്നുകളും കോർണർ കിക്കുകളും കൈകാര്യം ചെയ്യുമ്പോൾ സമയം നഷ്ടപ്പെടാതെ പിഴവുകളില്ലാതെ മുന്നേറാൻ ഈ സംവിധാനം സഹായിക്കും.
ഈ നൂതന ആശയം നടപ്പിലാക്കുന്നത് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടിയും സെറ്റ് പീസുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് കോച്ച് ഫ്രാൻസെസ്കോ മൗരിയും ചേർന്നാണ്. പുതിയ സംവിധാനത്തിൽ കളിക്കാർക്ക് ഇതിനോടകം തന്നെ പരിശീലനം നൽകിക്കഴിഞ്ഞു.
പ്രതിരോധനിരയിലെ പ്രധാന താരങ്ങളായ മാർക്കിഞ്ഞോസ്, ഗബ്രിയേൽ മഗൽഹായസ് എന്നിവർ ഇതിനകം റിസ്റ്റ് ബാൻഡുകൾ ഉപയോഗിച്ച് നീണ്ട പരിശീലനം പൂർത്തിയാക്കി.
വരാനിരിക്കുന്ന മൊറോക്കയ്ക്കെതിരായ മത്സരത്തിൽ ബ്രസീൽ ഈ തന്ത്രം മൈതാനത്ത് പരീക്ഷിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

