പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാ പത്രം യാഥാർത്ഥ്യത്തോട് ഏറെ അടുത്തിരിക്കുകയാണെന്നും ചരിത്രത്തിൽ മുൻപൊന്നുമില്ലാത്ത വിധം കരാർ ഒപ്പിടുന്നതിന് തൊട്ടടുത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
ഇസ്ലാമാബാദിൽ വെച്ച് രൂപപ്പെട്ട ധാരണ അന്തിമമാക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും, ഔദ്യോഗികമായി അന്തിമരൂപം കൈവരിക്കുന്നത് വരെ ഇത്തരം പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സുതാര്യമായ രീതിയിൽ കൃത്യമായ സമയത്ത് കരാറിന്റെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഈ പ്രതികരണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പങ്കുവെച്ചു. എന്നാൽ, മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ അംഗീകരിച്ച വ്യവസ്ഥകളുമായി യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് തുറന്നടിച്ചു.
സമാധാന കരാറിലെ 14 ഇന നിർദ്ദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളെ ട്രംപ് തള്ളിക്കളഞ്ഞു. അതേസമയം, കരാറിനെതിരെ കടുത്ത നിലപാടുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.
താൻ അധികാരത്തിലിരിക്കുന്ന കാലത്തോളം ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും, ഇത് ട്രംപുമായുള്ള തന്റെ പ്രത്യേക ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന കരാറിലെ വ്യവസ്ഥകളിൽ ഇറാന്റെ മിസൈൽ ശേഷിയെക്കുറിച്ചോ, വിവിധ തീവ്രവാദ സംഘടനകൾക്കുള്ള ഇറാന്റെ സഹായത്തെക്കുറിച്ചോ പരാമർശമില്ലാത്തതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.
ലബനൻ, ഗാസ, സിറിയ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയും ആവർത്തിച്ചു വ്യക്തമാക്കി. നിലവിൽ ചില വിഷയങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, നയതന്ത്ര ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്താൻ ഇരുപക്ഷവും ശ്രമം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

