അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മലയാളി യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണർ അപ്പായ വയനാട് മാനന്തവാടി പുതുശ്ശേരി സ്വദേശി ഹർഷ സണ്ണി (28) ആണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ജൂൺ പത്തിന് രാത്രി ബാങ്കോക്കിൽ നിന്നും എയർ ഇന്ത്യ വിമാന മാർഗ്ഗം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഹർഷ. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട
എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് വിഭാഗവും ചേർന്ന് ഇവരെ തടഞ്ഞുനിർത്തി പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, ഹർഷയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗിൽ നിന്ന് വാക്വം സീൽ ചെയ്ത നിലയിലുള്ള 12 പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെടുത്തു.
നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കിറ്റ് ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, ഇവ ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. ആകെ 11 കിലോയിലധികം ഭാരമുള്ള ലഹരിമരുന്നാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.
എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത ഉദ്യോഗസ്ഥർ, പ്രതിയെ മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കി. കോടതി ഹർഷ സണ്ണിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ലഹരിമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ച കണ്ണികളെക്കുറിച്ചും, ഇത് മുംബൈയിലാണോ അതോ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കാണോ എത്തിക്കാൻ ലക്ഷ്യമിട്ടതെന്നും സംബന്ധിച്ച് കസ്റ്റംസും പൊലീസും ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതിയുടെ യാത്രാ രേഖകളും കോൾ വിവരങ്ങളും പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

