നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് സംവിധായകൻ മേജർ രവി നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയെന്നും, ഇതിന്റെ മറവിൽ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചാരണങ്ങൾ നടത്തിയെന്നും ആരോപിച്ച് പിണറായി വിജയൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.
നടൻ സലിം കുമാറിന് അന്ത്യമോപചാരം അർപ്പിക്കാൻ വി.ഡി. സതീശൻ എത്തിയ സംഭവവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു മേജർ രവിയുടെ വിവാദ പരാമർശം.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എൻജിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഈ പ്രസ്താവനയ്ക്ക് പിന്നാലെ, കൃത്രിമമായി നിർമിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് നവമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവദിവസത്തെ യഥാർഥ ദൃശ്യങ്ങളും, വ്യാജമായി നിർമിച്ച പ്രചാരണ പോസ്റ്റുകളുടെ ലിങ്കുകളും തെളിവായി പിണറായി വിജയൻ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

