പാലക്കാട് ജില്ലയിൽ നടന്ന കുട്ടികളുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ സിബിഐക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.
കൊല്ലങ്കോട് പോലീസ് രജിസ്റ്റർ ചെയ്ത 12 വയസ്സുള്ള പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് അന്വേഷണത്തിനായി സിബിഐക്ക് വിട്ടത്.
ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വെളിപ്പെട്ടിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രൈം ബ്രാഞ്ച് സംഘമായിരുന്നു ഈ കേസിൽ അന്വേഷണം നടത്തിവന്നത്.
എന്നാൽ, ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കാര്യമായ പുരോഗതിയോ വ്യക്തതയോ ഉണ്ടാകാത്തതിനെത്തുടർന്നാണ് കേസ് സിബിഐക്ക് വിടാൻ കോടതി തീരുമാനിച്ചത്. സമാനമായ സ്വഭാവമുള്ള മറ്റ് 23 കേസുകളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ, രണ്ട് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വാളയാർ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഇത്തരം ദുരൂഹ മരണങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു.
ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഫാദർ അഗസ്റ്റിൻ വട്ടോളി അടക്കമുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി. വാളയാർ കേസുമായി ബന്ധപ്പെട്ട
കുറ്റപത്രത്തിൽ, കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ 13 വയസ്സിനു താഴെയുള്ള 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നു. ഈ കേസുകൾ പരിശോധിച്ചതിൽ പലതും കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന നിഗമനവും ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

