മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നാമനിർദേശ പത്രിക തള്ളിയ നടപടിക്കെതിരെയായിരുന്നു ഹർജി.
ഫലപ്രഖ്യാപനം ഇതിനകം നടന്നുകഴിഞ്ഞ സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല. വിഷയത്തിൽ ഹൈക്കോടതിയെ തിരഞ്ഞെടുപ്പ് ഹർജിയായി സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്നും ഫലപ്രഖ്യാപനം തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്നലെ തന്നെ നിരസിച്ചിരുന്നു.
കോടതിയുടെ ഇടപെടലില്ലാത്ത സാഹചര്യത്തിൽ, മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതായി റിട്ടേണിങ് ഓഫിസർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേസിനാസ്പദമായ പശ്ചാത്തലം
തെലങ്കാന കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ കേസിന്റെ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്ന് കാണിച്ച് ബിജെപി സ്ഥാനാർഥി മഹേഷ് കേവത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മീനാക്ഷി നടരാജന്റെ പത്രിക റിട്ടേണിങ് ഓഫിസർ തള്ളിയത്.
എന്നാൽ, തെലങ്കാന കോടതിയിൽ നിന്ന് തനിക്ക് ഒരു കാരണം കാണിക്കൽ നോട്ടിസ് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഔദ്യോഗികമായി കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് കോൺഗ്രസ് വാദിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് അവർ വ്യക്തമാക്കി.
രാജ്യസഭയിലേക്ക് ഒഴിവുവന്ന 27 സീറ്റുകളിൽ 24 ഇടത്തും സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു കഴിഞ്ഞു. ഇതിൽ 19 സീറ്റുകൾ എൻഡിഎയും 5 സീറ്റുകൾ കോൺഗ്രസും നേടി.
ജാർഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മിസോറമിലെ ഒരു സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് ജൂൺ 18-ന് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

