കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ്പ, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികൾ ബാധിച്ചവർക്കായി വിഭാവനം ചെയ്ത ഐസലേഷൻ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും കടമ്പകൾ കടന്നിട്ടില്ല.
35 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അത്യാധുനിക ഐസലേഷൻ ബ്ലോക്കിന്റെ വിശദമായ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചതിനുശേഷം കിഫ്ബിയിലേക്ക് കൈമാറിയിരുന്നു. എന്നാൽ, ഏറെ നാളായി പദ്ധതി കിഫ്ബിയുടെ അനുമതിക്കായി കാത്തുനിൽക്കുകയാണ്.
മെഡിക്കൽ കോളേജ് ക്യാമ്പസിൽ പുതുതായി നിർമ്മിച്ച റോഡിന് സമീപത്തായി ഇതിനായി സ്ഥലം കണ്ടെത്തി സർവേയും അളന്നു തിട്ടപ്പെടുത്തലും നേരത്തെ പൂർത്തിയാക്കിയതാണ്. എങ്കിലും, തുടർനടപടികൾ ഫയലുകളിൽ കുരുങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.
ഈ പ്രദേശം ഇപ്പോൾ കാടുപിടിച്ച അവസ്ഥയിലുമാണ്. 2018-ൽ ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച കാലം മുതൽക്കേ ഐസലേഷൻ ബ്ലോക്കിന്റെ ആവശ്യം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
അഞ്ച് കോടിയിൽ തുടങ്ങി എട്ട് കോടിയിലേക്കും പിന്നീട് വിപുലമായ പദ്ധതി എന്ന നിലയിൽ 35 കോടി രൂപയിലേക്കും നിർമ്മാണ ചെലവ് ഉയരുകയായിരുന്നു. നിലവിൽ, 2018 മുതൽ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെഎച്ച്ആർഡബ്ല്യുഎസ്) പേവാർഡാണ് ഐസലേഷൻ വാർഡായി ഉപയോഗിക്കുന്നത്.
പകർച്ചവ്യാധി ബാധിച്ചവരെ പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ, പേവാർഡിൽ ചികിത്സയിലുള്ള രോഗികളെ പെട്ടെന്ന് ഒഴിപ്പിക്കേണ്ടി വരുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടായിരിക്കുകയാണ്.
ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന യുവാവിന് ബുധനാഴ്ച നിപ്പ സ്ഥിരീകരിച്ചതോടെ, അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. തുടർന്ന്, കെഎച്ച്ആർഡബ്ല്യുഎസ് പേവാർഡിലുണ്ടായിരുന്ന രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു.
സാധാരണ വാർഡുകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പേവാർഡുകളെ ആശ്രയിക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

