തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പിലാക്കുന്ന സൗജന്യയാത്ര പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ഗതാഗത വകുപ്പ്.
പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും കോർപറേഷന്റെ ഭാവി വികസനത്തെക്കുറിച്ചും ഗതാഗത മന്ത്രി സി.പി.ജോൺ വിശദീകരിക്കുന്നു. സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി ഇങ്ങനെ: “സാധ്യത അനുസരിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
കെഎസ്ആർടിസിക്കുള്ള 68% ബസുകളും ഓർഡിനറിയാണ്. നിബന്ധനകളില്ലാത്ത സൗജന്യമാണ് നമ്മൾ നൽകുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ പോലെ ഇവിടെ നിയന്ത്രണങ്ങളില്ല. എല്ലാ വനിതകൾക്കും യാത്ര ചെയ്യാം.
തിരിച്ചറിയൽ രേഖകൾ ചോദിക്കില്ല. ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര നൽകും.” കെഎസ്ആർടിസിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനെക്കുറിച്ച് മന്ത്രിയുടെ കാഴ്ചപ്പാട് വ്യക്തമാണ്.
ചെലവുചുരുക്കലിനാണ് മുൻഗണനയെന്നും പുതിയ ബസുകൾ ലഭ്യമാക്കാൻ സ്പോൺസർഷിപ് ഉൾപ്പെടെയുള്ള മാർഗങ്ങൾ തേടുമെന്നും അദ്ദേഹം അറിയിച്ചു. “വരുമാനം കൂട്ടാൻ ആദ്യം ചെലവു കുറയ്ക്കണം.
ബസ് വാങ്ങാനുള്ള പദ്ധതി തയാറാക്കുകയാണ്. സ്പോൺസർഷിപ് വഴി ബസുകൾ ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ട്.
ആർക്ക് വേണമെങ്കിലും ബസ് വാങ്ങിത്തരാം. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള ഗ്രാമ വണ്ടികൾ 58ൽ നിന്ന് 500 എങ്കിലും ആക്കണം.
ബസുകളിലെ പരസ്യ വരുമാനം കൂട്ടും.” കെഎസ്ആർടിസിയുടെ പ്രവർത്തന മികവ് വർധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുക എന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാകണം.
അത്തരമൊരു ശുപാർശ വയ്ക്കാൻ ആലോചിക്കുന്നുണ്ട്. അതുപോലെ ഡിപ്പോകൾക്കു ജനകീയ ഓണർഷിപ് ഉണ്ടാകണം.
എംപി, എംഎൽഎമാർ എന്നിവർക്കും പങ്കാളിത്തം വേണം.” മലബാർ മേഖലയിലെ ബസ് ക്ഷാമം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ബസുകൾ ഘട്ടംഘട്ടമായി വർധിപ്പിക്കുന്നത് പരിഗണനയിലുണ്ട്.
സ്വകാര്യ ബസുടമകളുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. “ആശങ്ക പലരും അറിയിച്ചിട്ടുണ്ട്.
അത് പഠിക്കും. ആദ്യം കലക്ഷനിൽ എന്ത് വ്യത്യാസം വരുമെന്നു പരിശോധിക്കട്ടെ.
ഏതെങ്കിലും സ്വകാര്യ ബസ് ഒരു റൂട്ടിൽ ഓടിയാൽ അതിനു പിന്നാലെ കെഎസ്ആർടിസി ഓടിക്കില്ല. തിരിച്ചു സ്വകാര്യ ബസുടമകളിൽനിന്നും അത് പ്രതീക്ഷിക്കും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

