പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നേതൃത്വപരമായ ഭിന്നതകൾ മറനീക്കി പുറത്തുവരുന്നു. പാർട്ടിയിലെ മുതിർന്ന നേതാവും മമത ബാനർജിയുടെ വിശ്വസ്തനുമായ കല്യാൺ ബാനർജി, ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് കല്യാൺ ബാനർജി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. “ഞാനോ, അതോ അഭിഷേക് ബാനർജിയോ, ആരെ വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം” എന്ന് അദ്ദേഹം പരസ്യമായി വെല്ലുവിളിച്ചു.
തുടർന്ന് അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ: “ഞാൻ മമതയ്ക്കൊപ്പമാണ്. പക്ഷേ അഭിഷേകിനൊപ്പം നിൽക്കണോ അതോ തൃണമൂലിനൊപ്പം നിൽക്കണമോയെന്ന് മമത തീരുമാനിക്കണം.
അഭിഷേകില്ലാതെ മമതയ്ക്ക് പാർട്ടി മുന്നോട്ട് കൊണ്ടുപോവാൻ കഴിയില്ലെന്നാണെങ്കിൽ, ഞാൻ ഒപ്പമുണ്ടാകില്ല. മമത ഇതിൽ ആദ്യം തീരുമാനമെടുക്കണം.” അഭിഷേക് ബാനർജിയുടെ പ്രവർത്തനശൈലിയെയും പെരുമാറ്റത്തെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, താൻ ഇനി കോടതിയിൽ അഭിഷേകിന് വേണ്ടി ഹാജരാവില്ലെന്നും വ്യക്തമാക്കി.
തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് കല്യാൺ ബാനർജി വിശദീകരിച്ചത് ഇപ്രകാരമാണ്: “ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലാണ് അഭിഷേകിന്റെ അഹങ്കാരം. ജസ്റ്റിസ് ചന്ദയുടെ ബഞ്ചിൽ അഭിഷേകിന്റെ കേസ് പരിഗണിക്കണമെന്ന് ഇന്നലെ ഞാൻ അഭ്യർഥിച്ചിരുന്നു.
വ്യാഴാഴ്ച കേസ് പരിഗണിക്കാനുള്ള തീയതി ഇതേ തുടർന്നു നിശ്ചയിച്ചു. എന്നാൽ ഇന്നലെ രാത്രി അഭിഷേക് എന്റെ മകനെ വിളിച്ചു.
വ്യാഴാഴ്ചത്തെ കേസിൽ എന്നേക്കാൾ ജൂനിയറായ മറ്റൊരാൾ അഭിഷേകിനെ പ്രതിനിധീകരിക്കുമെന്ന് പറഞ്ഞു.” താൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അഭിഷേക് ബാനർജി വേണ്ടത്ര ബഹുമാനിക്കുന്നില്ലെന്നും, എല്ലാവരും തന്റെ കീഴിലാണെന്ന ധാരണയാണ് അദ്ദേഹത്തിനുള്ളതെന്നും കല്യാൺ ബാനർജി കുറ്റപ്പെടുത്തി. പാർട്ടിയിലെ ഈ തുറന്ന പോര് വരും ദിവസങ്ങളിൽ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

