മധ്യപ്രദേശിൽ നടക്കാനിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കെ, സംസ്ഥാനത്തെ മൂന്ന് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.
ഇവർക്കുള്ള വിജയിച്ചതായുള്ള സർട്ടിഫിക്കറ്റ് വരണാധികാരി കൈമാറി. ഈ വിഷയത്തിൽ കോൺഗ്രസ് സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം നടന്നത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്ന കോൺഗ്രസിന്റെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നില്ല. പത്രിക തള്ളിയതോടെ ഒരേ പാർട്ടിയിലെ മൂന്ന് പേർ മാത്രമാണ് മത്സരരംഗത്തുള്ളത് എന്ന് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തെലങ്കാനയിലെ കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയതാണ് പത്രിക തള്ളാൻ കാരണമായത്. എന്നാൽ, തനിക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും കുറ്റം ചുമത്തിയിട്ടില്ലെന്നും, അതിനാൽ ഇക്കാര്യം നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നിലപാട്.
അവധിക്കാല ബെഞ്ചിന് മുമ്പാകെ വിഷയം പരാമർശിച്ചപ്പോൾ, ഹർജി നിലനിൽക്കുന്നതാണോ എന്ന ചോദ്യം ജസ്റ്റിസ് പികെ മിശ്ര ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിട്ടുണ്ടെങ്കിലും വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ബാലിശമായ കാരണങ്ങളുടെ പേരിൽ പത്രിക തള്ളരുതെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേരത്തെ കമ്മീഷനെ സമീപിച്ചിരുന്നു. വരണാധികാരിയുടെ തീരുമാനം റദ്ദാക്കാൻ കമ്മീഷൻ തയ്യാറാകാത്ത സാഹചര്യത്തിൽ, ഏകപക്ഷീയമായ പ്രഖ്യാപനം വന്നാൽ ശക്തമായ പ്രക്ഷോഭത്തിന് ദില്ലിയിൽ ചേർന്ന കോൺഗ്രസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

