വൈക്കം നഗരസഭാ പാർക്കിനു സമീപം വേമ്പനാട്ടുകായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ ശിൽപം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശിൽപം മറിഞ്ഞുവീണിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും അത് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നിലവിൽ ബീച്ച് മൈതാനത്തിനു സമീപം റോഡരികിൽ കാടുപിടിച്ച അവസ്ഥയിലാണ് ഈ കലാസൃഷ്ടിയുള്ളത്. 2024 മേയ് മാസത്തിലാണ് കൂറ്റൻ മണിയുടെ മാതൃകയിലുള്ള ഈ ശിൽപം സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ ദ്രവിച്ചു മണി ഉൾപ്പെടെ മറിഞ്ഞുവീണത്.
കോൺക്രീറ്റ് തൂണിൽ തങ്ങിനിന്നതിനാൽ അത് കായലിലേക്ക് വീഴാതെ രക്ഷപ്പെട്ടു. തുടർന്ന് പാർക്കിൽ എത്തുന്നവർക്ക് അപകട
ഭീഷണിയാകുമെന്ന് കണ്ടതോടെ, യന്ത്രസഹായത്തോടെ ശിൽപം അഴിച്ച് റോഡരികിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിൻ ബിനാലെയിൽനിന്ന് ഏറ്റെടുത്ത ശിൽപം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ലളിതകലാ അക്കാദമിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ശിൽപം പുനഃസ്ഥാപിച്ച് ചുറ്റും നടപ്പാത ഒരുക്കി ഒരു സെൽഫി കോർണറായി മാറ്റുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി എൻജിനീയറിങ് വിഭാഗം ഡിസൈനിങ്ങും പ്ലാനിങ്ങും പൂർത്തിയാക്കിയെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല.
2014-ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന ഈ മണി, എം.കെ.ഷിബു മുൻകൈയെടുത്താണ് 2015-ൽ വൈക്കത്ത് എത്തിച്ചത്. തുടർന്ന് നഗരസഭയുടെ സഹകരണത്തോടെ കായലിൽ സ്ഥാപിക്കുകയായിരുന്നു.
13 അടി ഉയരവും 16 അടി വ്യാസവുമുള്ള, 2.5 ടൺ ഭാരമുള്ള ഈ സ്റ്റീൽ ശിൽപം വൈക്കത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രധാനപ്പെട്ടതായിരുന്നു. എന്നാൽ, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ശിൽപം മറിഞ്ഞുവീഴാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇക്കാര്യത്തിൽ പുതിയ ഭരണസമിതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് എം.കെ.ഷിബു (മുൻ സെക്രട്ടറി, ലളിതകലാ അക്കാദമി) വ്യക്തമാക്കി. “ലളിതകലാ അക്കാദമിയുടെ പുതിയ ഭരണസമിതി അധികാരത്തിൽ വന്നാൽ ഉടൻ ശിൽപം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.” ഈ കലാസൃഷ്ടി പുനഃസ്ഥാപിക്കുന്നത് വൈക്കത്തെത്തുന്ന വിനോദസഞ്ചാരികൾക്കും കലാസ്വാദകർക്കും വലിയൊരു മുതൽക്കൂട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

