ദില്ലി സന്ദർശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകുന്നേരം സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലെത്തിയാണ് മുഖ്യമന്ത്രി ഇരുവരുമായും ചർച്ച നടത്തിയത്.
ഇതിനുശേഷം സിപിഐ ആസ്ഥാനമായ അജോയ് ഭവനിൽ എത്തിയ വിജയ്, പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തി. നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിനായി ദില്ലിയിൽ എത്തിയതാണ് മുഖ്യമന്ത്രി.
രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ എന്നിവരെയും വിജയ് സന്ദർശിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷം ദില്ലിയിൽ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്.
നേരത്തെ ദില്ലിയിൽ എത്തിയെങ്കിലും അന്ന് കൂടിക്കാഴ്ചകൾ നടത്താതെയാണ് മടങ്ങിയത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ), കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരം ഉറപ്പിച്ചത്.
സംസ്ഥാന മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തിയതിനൊപ്പം, തമിഴ്നാട്ടിലെ രാജ്യസഭാ സീറ്റും കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. ദില്ലിയിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശന പരിപാടികളിൽ വിജയ് പങ്കെടുക്കും.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വിഷയങ്ങളും ക്ഷേമ പദ്ധതികളും യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന മുഖ്യമന്ത്രി, ഇത്തവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

