വയനാട് ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം എട്ടായി വർധിച്ചു. ഏഴാം തീയതി പരിശോധനയ്ക്കായി അയച്ച സാംപിളുകളുടെ ഫലം വന്നതോടെയാണ് അഞ്ചു കുട്ടികൾക്ക് കൂടി രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 11 എന്നീ പ്രായത്തിലുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ചൊവ്വാഴ്ച വരെ മൂന്ന് പേർക്കായിരുന്നു ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്.
നിലവിൽ ചികിത്സയിലുള്ള എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ.
കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയിലെ സ്കൂളും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.
രോഗവ്യാപനം തടയുന്നതിനുള്ള കർശന നിർദേശങ്ങൾ സംഘം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും ഊർജിതമാക്കി.
കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ക്ലോറിനേഷൻ ഡ്രൈവ് പുരോഗമിക്കുകയാണ്. ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും വ്യക്തിശുചിത്വവും ഭക്ഷണ കാര്യങ്ങളിലെ സുരക്ഷയും ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.
കെ.ടി. രേഖ അറിയിച്ചു.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ഡിഎംഒ നിർദേശിച്ചു. നെന്മേനി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ
ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി നെന്മേനി പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഡി.ആർ.
മേഘശ്രീ ഉത്തരവിട്ടു. ബുധനാഴ്ച മുതൽ ഏഴു ദിവസത്തേക്ക് പഞ്ചായത്ത് പരിധിയിൽ റാലികൾ, താൽക്കാലിക ചന്തകൾ എന്നിവ ഒഴിവാക്കണം.
പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് പരമാവധി കുറയ്ക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.
കുടിവെള്ളത്തിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സ്വയം ചികിത്സയ്ക്ക് മുതിരാതെ സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടാൻ അധികൃതർ നിർദേശിച്ചു.
രോഗലക്ഷണമുള്ളവരുടെ സമ്പർക്ക പട്ടിക തയാറാക്കി നിരീക്ഷണം ശക്തമാക്കും. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയ്ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പരിശോധന നടക്കും.
കേരള പബ്ലിക് ഹെൽത്ത് ആക്ട് 2023 സെക്ഷൻ 65, ഭാരതീയ ന്യായ് സംഹിത സെക്ഷൻ 223 എന്നിവ പ്രകാരം നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

