അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചികിത്സാച്ചെലവുകൾ പലപ്പോഴും വ്യക്തികളുടെ സാമ്പത്തിക സുസ്ഥിതിയെ ബാധിക്കാറുണ്ട്. പലപ്പോഴും ആശുപത്രി ബില്ലുകൾ കൈവശമുള്ള ഇൻഷുറൻസ് പോളിസിയുടെ പരിധിയേക്കാൾ വർദ്ധിക്കാറുണ്ട്.
ഇത്തരം ഘട്ടങ്ങളിൽ ഒന്നിലധികം മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ കൈവശമുള്ളവർക്ക് അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സാധിക്കും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (IRDAI) നിയമപ്രകാരം ഒരാൾക്ക് ഒരേസമയം ഒന്നിലധികം മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ സ്വന്തമാക്കാൻ പൂർണ്ണമായ അവകാശമുണ്ട്.
ഒരു പോളിസിയുടെ പരിധിയേക്കാൾ ഉയർന്ന തുക ചികിത്സയ്ക്ക് ആവശ്യമായി വന്നാൽ, രണ്ട് വ്യത്യസ്ത കമ്പനികളിൽ നിന്നായി ക്ലെയിം തുക വിഭജിച്ച് വാങ്ങാൻ ഈ നിയമം അനുവദിക്കുന്നു. എന്നാൽ, പല ഉപഭോക്താക്കളും ഒന്നിലധികം പോളിസികൾ ഉള്ള വിവരം ഇൻഷുറൻസ് കമ്പനികളെ യഥാസമയം അറിയിക്കാറില്ല.
ക്ലെയിം അപേക്ഷ സമർപ്പിക്കുന്നതിലുണ്ടാകുന്ന കാലതാമസവും, ആദ്യത്തെ കമ്പനിയിൽ നിന്നുള്ള സെറ്റിൽമെന്റ് ലെറ്റർ വാങ്ങാൻ വിട്ടുപോകുന്നതും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ക്ലെയിം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ
ഏത് കമ്പനിയിൽ നിന്ന് ആദ്യം ക്ലെയിം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അധികാരം പൂർണ്ണമായും പോളിസി ഉടമയ്ക്കുണ്ട്.
ആദ്യത്തെ പോളിസിയുടെ പരിധിക്കുള്ളിൽ മാത്രമാണ് ചികിത്സാച്ചെലവ് എങ്കിൽ, മറ്റ് കമ്പനികളുമായി തുക പങ്കുവെക്കാൻ ഉപഭോക്താവിനെ നിർബന്ധിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് കഴിയില്ല. കമ്പനികൾ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ്, വ്യക്തിഗത പോളിസികൾ, ഫാമിലി ഫ്ലോട്ടർ എന്നിവ ഉള്ളവർക്ക് ഇത് ഏറെ ഗുണകരമാണ്.
ആദ്യത്തെ പോളിസിയിലെ ഡിഡക്റ്റിബിളുകളും കോ-പെയ്മെന്റുകളും ഒഴിവാക്കിയ ശേഷമുള്ള തുക കവറേജ് പരിധിയിലും കൂടുതലാണെങ്കിൽ, ബാക്കി തുകയ്ക്കായി രണ്ടാമത്തെ കമ്പനിയെ സമീപിക്കാവുന്നതാണ്. എന്നാൽ, എല്ലാ പോളിസികളിൽ നിന്നുമായി ലഭിക്കുന്ന ആകെ തുക ആശുപത്രിയിലെ യഥാർത്ഥ ചികിത്സാച്ചെലവിനേക്കാൾ ഉയരാൻ പാടില്ല.
ക്ലെയിം സ്പ്ലിറ്റിങ് രീതി
ഇൻഷുറൻസ് നിബന്ധനകൾ പ്രകാരം, ആദ്യത്തെ കമ്പനി അവർ അനുവദിക്കുന്ന പരമാവധി തുക നൽകുന്നു. ബാക്കി വരുന്ന തുകയ്ക്കായി രണ്ടാമത്തെ കമ്പനിയെ സമീപിക്കുമ്പോൾ, ആദ്യത്തെ കമ്പനി നൽകിയ ക്ലെയിം സെറ്റിൽമെന്റ് ലെറ്റർ, അസ്സൽ രേഖകളുടെ പകർപ്പുകൾ എന്നിവ ഹാജരാക്കേണ്ടതുണ്ട്.
രണ്ടാമത്തെ കമ്പനി തങ്ങളുടെ പോളിസി വ്യവസ്ഥകൾക്കും ഒഴിവാക്കലുകൾക്കും അനുസൃതമായി ബാക്കി തുക അനുവദിക്കും. കൃത്യമായ രേഖകൾ സമർപ്പിക്കുന്നത് ക്ലെയിം നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

