മെഗാ സ്പോർട്സ് മത്സരങ്ങൾ അരങ്ങേറുമ്പോൾ നഗരങ്ങളിലെ റെസ്റ്റോറന്റുകളിലും റെസ്റ്റോബാറുകളിലും സാധാരണയായി കണ്ടുവരുന്ന ആവേശകരമായ അന്തരീക്ഷം ഇക്കുറി ലോകകപ്പ് ഫുട്ബോൾ കാലയളവിൽ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് യുവാക്കളും ഹോട്ടൽ ഉടമകളും. ക്രിക്കറ്റ് ലോകകപ്പ്, ഐപിഎൽ, ഫുട്ബോൾ ലോകകപ്പ് തുടങ്ങിയ വലിയ കായിക മാമാങ്കങ്ങൾ വരുമ്പോൾ ബിഗ് സ്ക്രീൻ കാഴ്ചകളും പ്രത്യേക ഭക്ഷണ മെനുകളും ഒരുക്കുന്നത് കേരളത്തിലെ മുൻനിര ഹോട്ടലുകളുടെ പതിവ് ശൈലിയാണ്.
കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ചൂടിയ സമയത്ത് രാത്രി വൈകിയും നീണ്ട ആഘോഷങ്ങൾ പലർക്കും ഓർമയുണ്ട്.
അന്നത്തെ മത്സരങ്ങളുടെ സമയക്രമം ഇന്ത്യയിലെ രാത്രി സമയവുമായി യോജിച്ചുനിന്നതായിരുന്നു ഇതിന് പ്രധാന കാരണം. എങ്കിലും, വരാനിരിക്കുന്ന അമേരിക്ക–മെക്സിക്കോ–കാനഡ ലോകകപ്പിന്റെ സമയക്രമം റെസ്റ്റോറന്റ് മേഖലയ്ക്ക് വെല്ലുവിളിയായി തുടരുകയാണ്.
സെമിഫൈനൽ മുതൽ പല പ്രധാന മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 12.30നാണ് ആരംഭിക്കുന്നത്. മത്സരങ്ങൾ അവസാനിക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയെങ്കിലും ആകും.
കേരളത്തിലെ ബാറുകളുടെ നിലവിലെ പ്രവർത്തന സമയം രാത്രി 12 വരെയാണ്. ഈ സമയം പുലർച്ചെ മൂന്ന് മണി വരെ നീട്ടണമെങ്കിൽ പ്രതിവർഷം 5 ലക്ഷം രൂപ അധികമായി സർക്കാരിലേക്ക് അടയ്ക്കേണ്ടതുണ്ട്.
രാത്രി വൈകിയുള്ള ഇത്തരം മത്സരങ്ങളിൽ അത്രയും വലിയ ബിസിനസ് വരുമാനം ലഭിക്കുമോ എന്ന കാര്യത്തിൽ ഹോട്ടലുടമകൾ ആശങ്ക പങ്കുവെക്കുന്നു. അതേസമയം, പ്രാരംഭ ഘട്ടത്തിൽ ജർമനി, പോർച്ചുഗൽ തുടങ്ങിയ വമ്പൻ ടീമുകൾ കളിക്കുന്ന മത്സരങ്ങൾ രാത്രി 9.30നും 10.30നും ഉള്ളത് കച്ചവടക്കാർക്ക് ചെറിയൊരാശ്വാസം നൽകുന്നുണ്ട്.
ബിഗ് സ്ക്രീനുകളും സ്പെഷ്യൽ സ്പോർട്സ് മെനുകളും കൂട്ടിയിണക്കിയുള്ള പദ്ധതികൾ ഇക്കുറി എത്രത്തോളം വിജയകരമാകുമെന്ന് വരുംദിവസങ്ങളിലെ മത്സരക്രമവും ജനങ്ങളുടെ പ്രതികരണവും നിർണയിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

