ഗോവയിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘സെൽഫ് ഡ്രൈവ്’ കാർ റെന്റൽ ഏജൻസികളിൽ നിന്ന് തുടർച്ചയായി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഗുജറാത്ത് സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് 8,400 രൂപ തട്ടിയെടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
തന്റെ ദുരനുഭവം യുവാവ് റെഡ്ഡിറ്റിലൂടെ പങ്കുവെച്ചതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. സംഭവം ഇങ്ങനെ
മേയ് 29-നാണ് മഡ്ഗാവിലെ ഒരു ഏജൻസിയിൽ നിന്ന് യുവാവ് ബലേനോ കാർ വാടകയ്ക്ക് എടുത്തത്.
യാത്രയ്ക്കിടയിൽ വാഹനത്തിൽ 3,000 രൂപയുടെ ഇന്ധനം നിറച്ചിരുന്നു. എന്നാൽ, മേയ് 31-ഓടെ വാഹനം തകരാറിലായി.
തകരാർ സമ്മതിച്ച ഉടമ പകരം മറ്റൊരു സ്വിഫ്റ്റ് കാർ നൽകി. ബലേനോയിൽ അവശേഷിച്ച പെട്രോളിന്റെ തുകയും, വണ്ടി കേടായതുമായി ബന്ധപ്പെട്ട
മെക്കാനിക് ചെലവുകളും യാത്രയുടെ അവസാനം തിരികെ നൽകാമെന്ന് ഉടമ ഉറപ്പ് നൽകിയിരുന്നു. ഒടുവിൽ സംഭവിച്ചത്
ജൂൺ 2-ന് തിവിം റെയിൽവേ സ്റ്റേഷനിൽ വെച്ച് വാഹനം തിരികെ നൽകി സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക തിരികെ കൈപ്പറ്റാനായിരുന്നു ധാരണ.
എന്നാൽ, നിശ്ചയിച്ച സമയത്ത് വാഹനം ഏറ്റെടുക്കാൻ ആരെയും അയക്കാൻ ഏജൻസി തയ്യാറായില്ല. ഇതുസംബന്ധിച്ച് യുവാവ് പറയുന്നത് ഇങ്ങനെയാണ്: “ട്രെയിൻ പുറപ്പെടാൻ സമയമായതിനാലും അത് നഷ്ടപ്പെടുത്താൻ കഴിയാത്തതിനാലും ഒടുവിൽ വണ്ടി റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ ഉപേക്ഷിച്ച് ഞങ്ങൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
സ്വന്തം നാടായ നവ്സാരിയിൽ തിരിച്ചെത്തിയ ശേഷം കമ്പനി ഉടമയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ കോളുകൾ എടുക്കാൻ തയ്യാറായിട്ടില്ല.”
നഷ്ടപ്പെട്ട തുകയുടെ കണക്കുകൾ
സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇനത്തിൽ 3,000 രൂപയും, ബലേനോയിൽ ബാക്കിയുണ്ടായിരുന്ന പെട്രോൾ ഇനത്തിൽ 3,000 രൂപയും, വാഹനം ജമ്പ് സ്റ്റാർട്ട് ചെയ്തതിന് 1,000 രൂപയും, ട്യൂബ് മാറ്റിയതിന് 900 രൂപയും, പഞ്ചർ ഒട്ടിച്ചതിന് 300 രൂപയും, അധിക പെട്രോൾ ചെലവായി 200 രൂപയും ഉൾപ്പെടെ ആകെ 8,400 രൂപയാണ് യുവാവിന് നഷ്ടമായത്.
“വാഹനത്തിന് തകരാറുണ്ടായിരുന്ന കാര്യം അവർ സമ്മതിച്ചതാണ്. പണം തിരികെ നൽകാമെന്ന് ഉറപ്പും തന്നിരുന്നു.
എന്നാൽ ട്രെയിൻ പുറപ്പെടാറായ സമയത്ത് മനഃപൂർവ്വം വരാതെ അവർ ഞങ്ങളെ പറ്റിക്കുകയായിരുന്നു. നാട്ടിലെത്തിയതോടെ എല്ലാ ആശയ വിനിമയങ്ങളും അവർ നിർത്തി,” യുവാവ് വ്യക്തമാക്കി.
ഗോവയിൽ ഇത്തരം തട്ടിപ്പുകൾ പതിവാണെന്നാണ് ഈ സംഭവത്തോടെ വ്യക്തമാകുന്നത്. വിനോദസഞ്ചാരികളുടെ തിരക്ക് മുതലെടുത്ത്, വാഹനം തിരികെ ഏൽപ്പിക്കേണ്ട
അവസാന നിമിഷങ്ങളിൽ മനഃപൂർവ്വം വൈകിപ്പിച്ച് സെക്യൂരിറ്റി തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതിയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ രേഖകൾ കൈവശമുണ്ടെങ്കിൽ പോലീസിൽ പരാതിപ്പെടാനാണ് ഭൂരിഭാഗം പേരും നിർദ്ദേശിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

