കേരളത്തിലെ സ്വർണ്ണ വിപണിയിൽ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തി. സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവാണ് ഇന്ന് വിപണിയിൽ ദൃശ്യമായത്.
കേരളത്തിൽ സ്വർണ്ണത്തിന്റെ ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയായും, പവന് 3160 രൂപ ഇടിഞ്ഞ് 1,09,160 രൂപയായും വില നിജപ്പെടുത്തി. രാജ്യാന്തര വിപണിയിലെ പ്രതികൂല സാഹചര്യങ്ങളാണ് വിലയിടിവിന് പ്രധാന കാരണം.
കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വർണ്ണം കൂപ്പുകുത്തിയത്. ഔൺസിന് 150 ഡോളറിലേറെ കുറഞ്ഞ് 4180 ഡോളറിലേക്കാണ് രാജ്യാന്തര വില എത്തിയത്.
പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതും, ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും, യുഎസ് ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും മുന്നേറ്റവും നിക്ഷേപകർക്ക് തിരിച്ചടിയായി. ഇന്ന് പുറത്തുവരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പക്കണക്കുകൾ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
പണപ്പെരുപ്പം ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 4000 ഡോളറിന് താഴേക്ക് വീഴുകയാണെങ്കിൽ, സംസ്ഥാനത്ത് സ്വർണ്ണവില ഒരുലക്ഷം രൂപയിലേക്ക് അല്ലെങ്കിൽ അതിനു താഴേക്ക് എത്തിയേക്കും.
എങ്കിലും, പശ്ചിമേഷ്യൻ സ്ഥിതിഗതികൾ ശാന്തമാവുകയോ ക്രൂഡ് ഓയിൽ വില താഴുകയോ ചെയ്താൽ വിപണിയിൽ മാറ്റങ്ങൾ വരാം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ചതനുസരിച്ച്, 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 330 രൂപ കുറഞ്ഞ് 11,270 രൂപയായി.
വെള്ളിയുടെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 250 രൂപയിലെത്തി. മറുഭാഗത്ത്, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണ്ണത്തിന് 320 രൂപ കുറച്ച് 11,215 രൂപയാണ് നിശ്ചയിച്ചത്.
14 കാരറ്റ് സ്വർണ്ണത്തിന് 250 രൂപ കുറഞ്ഞ് 8735 രൂപയും, 9 കാരറ്റ് സ്വർണ്ണത്തിന് 165 രൂപ കുറഞ്ഞ് 5630 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിയുടെ വില ഗ്രാമിന് 250 രൂപയായി തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

