രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ വിള്ളൽ വീഴ്ത്തുന്ന പ്രധാന ഘടകങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ വീണ്ടും മുന്നറിയിപ്പ് നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന നിർദേശങ്ങൾ നേരത്തെ ഉയർന്നിരുന്നു.
ഇതിനു പിന്നാലെ വിദേശനാണ്യ ശേഖരം സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. ഫെർട്ടിലൈസർ (വളം), ഫ്യുവൽ (ഇന്ധനം), ഫോറക്സ് (വിദേശനാണ്യ ശേഖരം) എന്നീ മൂന്ന് മേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി വ്യക്തമാക്കി.
ആഗോള പ്രതിസന്ധികൾ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ‘‘ഇന്ധനം, വളം എന്നിവയുടെ വില കുത്തനെ കൂടി. ചരക്കുവരവ് തടസ്സപ്പെട്ടു.
ചരക്കുകൂലി ഉയർന്നു. അസംസ്കൃതവസ്തുക്കൾ കിട്ടുന്നില്ല.
കമ്പനികൾക്ക് മൂലധന പ്രതിസന്ധി – എല്ലാ പ്രതിസന്ധികളും യുദ്ധത്തെ തുടർന്ന് ഒന്നിച്ചുവന്നു. വിചാരിക്കാത്ത തലത്തിലേക്കാണ് വളം വില കുതിച്ചുകയറിയത്’’.
ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ വലിയൊരു ഭാഗം ക്രൂഡോയിൽ, സ്വർണം എന്നിവ വാങ്ങുന്നതിനാണ് ചെലവാകുന്നത്. നിലവിൽ എഫ്..എഫ്..ജി (Fuel, Fertilizer, Gold) എന്ന സൂത്രവാക്യത്തിലൂടെ ഈ മൂന്ന് മേഖലകളിലും ശ്രദ്ധ പുലർത്താൻ കേന്ദ്രം ആവശ്യപ്പെടുന്നു.
അന്താരാഷ്ട്ര വിപണിയിൽ രൂപ ഉപയോഗിച്ച് ഇവ ഇറക്കുമതി ചെയ്യാൻ സാധിക്കില്ല എന്നതും വിദേശനാണ്യ ശേഖരത്തിന് സമ്മർദ്ദം വർധിപ്പിക്കുന്നു. പ്രത്യേകിച്ച് പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ സ്വർണം, ഇന്ധനം, വളം എന്നിവയുടെ വില കുതിച്ചുയരാൻ കാരണമായി.
വരും നാളുകളിലും വളം വിലയിൽ കുറവുണ്ടാകുമെന്ന് കരുതാനാവില്ല. ഈ സാഹചര്യത്തിൽ വിദേശനിക്ഷേപം ഓഹരി വിപണിയിൽ നിന്നും കടപ്പത്രങ്ങളിൽ നിന്നും കൊഴിഞ്ഞുപോകുന്നത് രൂപയുടെ മൂല്യത്തെയും ബാധിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ഇറക്കുമതി കുറയ്ക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെങ്കിലും, തീരുവ വർധന സ്വർണക്കള്ളക്കടത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

