തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി സിറ്റി പൊലീസ് കമ്മീഷണർ.
കമ്മീഷണർ ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് നടപടി സ്വീകരിച്ചത്. സംഭവദിവസത്തെ ദൃശ്യങ്ങൾ നേരിട്ട് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു കമ്മീഷണറുടെ ശാസന.
പ്രതിഷേധക്കാർ മുട്ടയെറിഞ്ഞപ്പോൾ അവരെ തടയാൻ ശ്രമിക്കാതെ പ്രതികൾക്കൊപ്പം ഓടിയ പൊലീസുകാരുടെ നടപടിയെ കമ്മീഷണർ കർശനമായി വിമർശിച്ചു. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തി പ്രതിഷേധക്കാരെ അടിച്ചോടിച്ചില്ലെന്ന് കമ്മീഷണർ കാർത്തിക് ഉദ്യോഗസ്ഥരോട് ചോദിച്ചു.
എന്നാൽ, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും തങ്ങൾക്ക് കൃത്യമായ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും, ഇത് പെട്ടെന്നുണ്ടായ ഒരു ആക്രമണമായിരുന്നുവെന്നുമാണ് കന്റോൺമെന്റ് എസി കമ്മീഷണറെ അറിയിച്ചത്. സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് മെയ് 27-ന് ബേക്കറി ജങ്ഷനിലെ വസതിയിൽ എട്ട് മണിക്കൂറോളം നീണ്ട
പരിശോധന ഇ.ഡി നടത്തിയത്. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നടപടി.
ഹൈക്കോടതിയിൽ നിന്നും അന്വേഷണത്തിനുള്ള നിയമതടസ്സങ്ങൾ നീങ്ങിയതിന് പിന്നാലെയായിരുന്നു ഈ റെയ്ഡ്. റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തടഞ്ഞുവെച്ച് സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു.
കല്ലുകളും ഇഷ്ടികകളും മരക്കഷ്ണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള അഞ്ച് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ഇതിനുപിന്നാലെ, ആറ് മുതൽ 10 വരെയുള്ള പ്രതികളെയും ഇന്ന് വൈകിട്ട് 5 മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

