കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് ദിനംപ്രതി സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിൻ കൃത്യസമയത്ത് ഓടാത്തത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാകുന്നു. സമയക്രമീകരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാണ് ട്രെയിനിനെ ആശ്രയിക്കുന്നവരുടെ പ്രധാന ആവശ്യം.
വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർഥികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് നിത്യവും ഈ ട്രെയിനിനെ പ്രധാന ഗതാഗത മാർഗമായി ഉപയോഗിക്കുന്നത്. തിങ്കളാഴ്ച രാവിലെ 6.57-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ യാത്ര ആരംഭിച്ചത് 7.20-ഓടെയാണ്.
പാതയിലെ അറ്റകുറ്റപ്പണികൾ കാരണം ട്രെയിനിന്റെ വേഗതയിൽ കുറവുണ്ടായതും സർവീസിനെ ബാധിച്ചു. ഒടുവിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിയപ്പോൾ സമയം 9.20 ആയിരുന്നു.
യാത്രയ്ക്കായി ആകെ രണ്ട് മണിക്കൂറാണ് ഇവർക്ക് ചിലവഴിക്കേണ്ടി വന്നത്. മലബാർ എക്സ്പ്രസ് ട്രെയിൻ വൈകി കൊല്ലത്ത് എത്തുന്നതാണ് പാസഞ്ചർ ട്രെയിൻ പുറപ്പെടാൻ കാലതാമസം നേരിടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുൻകാലങ്ങളിലും ഇതേ പ്രശ്നം യാത്രക്കാർ ഉന്നയിച്ചിരുന്നു. ഒരു വർഷം മുൻപാണ് കൊല്ലത്ത് നിന്ന് 6.45-ന് പുറപ്പെട്ടിരുന്ന പാസഞ്ചർ ട്രെയിനിന്റെ സമയം 6.57 ആയി മാറ്റിയത്.
അക്കാലത്ത് മലബാർ എക്സ്പ്രസ് 7.20-നായിരുന്നു കൊല്ലത്ത് എത്തിയിരുന്നത്. എന്നാൽ നിലവിൽ മലബാർ എക്സ്പ്രസ് കൊല്ലത്ത് എത്തുന്ന സമയം 6.20 ആയി പുനഃക്രമീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനിന്റെ സമയക്രമത്തിൽ അടിയന്തരമായി മാറ്റം വരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

