കോഴിക്കോട് നഗരത്തിലെ ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ സിറ്റി പൊലീസിന്റെ തീരുമാനം. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് ഗതാഗത പരിഷ്കാരം നടപ്പിലാക്കാൻ ഉന്നതതല യോഗത്തിൽ ധാരണയായത്.
സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എസിപിമാർ ഉൾപ്പെടെയുള്ള ഉന്നത ട്രാഫിക് ഉദ്യോഗസ്ഥർ പങ്കെടുത്തു. നിലവിൽ ദേശീയപാതയിൽ യാതൊരുവിധ നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും, പൊതുജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകിയ ശേഷമേ കർശന നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കും. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉന്നയിച്ച സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
പ്രധാന പാതയിലെ ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെയും അമിതമായ സാന്നിധ്യം അപകടസാധ്യത വർധിപ്പിക്കുന്നതായും, ഹൈലൈറ്റ് മാൾ പരിസരം, ഒളവണ്ണ ടോൾ പ്ലാസ എന്നിവിടങ്ങളിൽ സ്ഥിരമായി ഗതാഗത തടസ്സം നേരിടുന്നതായും ഉദ്യോഗസ്ഥർ യോഗത്തിൽ ചൂണ്ടിക്കാട്ടി. നിലവിലെ നിബന്ധനകൾ പ്രകാരം സർവീസ് റോഡുകൾ ഇല്ലാത്ത ഭാഗങ്ങളിലും, പുഴകൾക്ക് കുറുകെയുള്ള പാലങ്ങളിലും മാത്രമാണ് ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ദേശീയപാതയിൽ യാത്രാനുമതിയുള്ളത്.
വെങ്ങളം – രാമനാട്ടുകര പാതയിൽ കോരപ്പുഴ, അറപ്പുഴ, പുറക്കാട്ടിരിപ്പുഴ, മാമ്പുഴ എന്നീ പുഴകൾക്ക് കുറുകെയുള്ള പാലങ്ങളിൽ നിലവിൽ സർവീസ് റോഡ് സൗകര്യം ലഭ്യമല്ല. ഹൈലൈറ്റ് മാളിന് സമീപത്തെ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാൻ ഇനിയും രണ്ടു മുതൽ മൂന്നു മാസം വരെ സമയമെടുക്കും.
ദേശീയപാതയിലും സർവീസ് റോഡുകളിലും തുടരുന്ന അനധികൃത പാർക്കിങ് ഗതാഗത തടസ്സം രൂക്ഷമാക്കുന്നതായും അധികൃതർ വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

