കാക്കനാട് കേന്ദ്രീകരിച്ച് നടന്ന ഒരു വാഹനം കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികളാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും ഉടമയെയും ഒരുപോലെ കുഴപ്പത്തിലാക്കിയത്.
ഹരിയാനയിൽ റജിസ്റ്റർ ചെയ്ത വാഹനം വാങ്ങിയ മലയാളിക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിതമായ നിയമപരമായ തടസ്സങ്ങളായിരുന്നു. ഹരിയാനയിലെ നിലവിലെ മോട്ടോർ വാഹന നിയമങ്ങൾ പ്രകാരം, വാഹനം വിൽക്കുന്ന ഉടമയ്ക്ക് താൻ ഉപയോഗിച്ചിരുന്ന അതേ റജിസ്ട്രേഷൻ നമ്പർ തന്റെ പുതിയ വാഹനത്തിലേക്ക് മാറ്റാൻ അനുവാദമുണ്ട്.
ഈ സാഹചര്യത്തിൽ, പഴയ വാഹനത്തിന് പുതിയൊരു നമ്പർ അധികൃതർ അനുവദിക്കുകയും ചെയ്യും. ഈ നിയമം സംബന്ധിച്ച അറിവില്ലായ്മയാണ് ഇവിടെ ആശയക്കുഴപ്പത്തിന് വഴിവെച്ചത്.
മലയാളിക്ക് കാർ വിറ്റ ഹരിയാന സ്വദേശി, താൻ ഉപയോഗിച്ചിരുന്ന നമ്പർ തന്റെ പുതിയ സ്കൂട്ടറിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കാറിന് മറ്റൊരു നമ്പർ അനുവദിച്ചുവെങ്കിലും, ഇക്കാര്യം കാർ വാങ്ങിയ ആൾ അറിഞ്ഞിരുന്നില്ല.
പഴയ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് രണ്ടാഴ്ചയോളം ഇദ്ദേഹം വാഹനം നിരത്തിലിറക്കുകയും, ഈ വാഹനം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. റീൽസ് ശ്രദ്ധയിൽപ്പെട്ട
ചിലർ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ, ഈ നമ്പർ ഒരു സ്കൂട്ടറിന്റേതാണെന്ന് കണ്ടെത്തി. തുടർന്ന് മോട്ടോർ വാഹന വകുപ്പിൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ അതൊരു സാങ്കേതികമായ ആശയവിനിമയ തകരാറാണെന്ന് (Communication Gap) ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്ന് കാറിൽ പുതിയ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് നിയമപരമായ നടപടികൾ പൂർത്തിയാക്കിയതോടെയാണ് തർക്കത്തിന് പരിഹാരമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

