പാക് അധീന കശ്മീരിൽ ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) പ്രവർത്തകരും സുരക്ഷാ സേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. റാവലകോട്ട് നഗരത്തിൽ ജൂൺ 9-ന് പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ഹർത്താലിന് മുന്നോടിയായി ഉണ്ടായ അക്രമസംഭവങ്ങളിൽ എഴുപതിലധികം പേർക്ക് പരിക്കേറ്റു.
സംഘർഷത്തെ തുടർന്ന് മേഖലയിൽ കർശന നിയന്ത്രണങ്ങളും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമികളുടെ വെടിയേറ്റ് 4 പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു.
തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 6 പ്രതിഷേധക്കാരും മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 11 ആയി ഉയർന്നതായി പൂഞ്ച് സെക്ടർ കമ്മീഷണർ സർദാർ വഹീദ് ഖാൻ സ്ഥിരീകരിച്ചു. 23 സുരക്ഷാ ഉദ്യോഗസ്ഥർക്കും അൻപതോളം പ്രതിഷേധക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
നിലവിൽ മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവെയ്പ്പിൽ കൊല്ലപ്പെട്ട
ഒരാളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോർച്ചറിക്ക് മുന്നിൽ ജെഎഎസി അനുകൂലികൾ തടിച്ചുകൂടിയതോടെയാണ് സംഘർഷം വഷളായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന ശ്രമിച്ചപ്പോൾ പ്രതിഷേധക്കാർ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, സർക്കാർ തങ്ങളുടെ ആളുകളെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് ജെഎഎസി നേതാക്കളുടെ ആരോപണം. കശ്മീരിലെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ജെഎഎസി.
കടുത്ത വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ, പ്രദേശത്തെ വിഭവങ്ങൾ പാകിസ്താൻ ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് കഴിഞ്ഞ രണ്ട് വർഷമായി സംഘടന ശക്തമായ പ്രതിഷേധങ്ങളിലാണ്. ജൂലൈ 27-ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, കശ്മീരിന് പുറത്ത് പാകിസ്താന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഭയാർത്ഥികൾക്കായി 45-ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്.
ഇത് തങ്ങളുടെ പ്രാദേശിക പ്രാതിനിധ്യം ഇല്ലാതാക്കുമെന്ന് സംഘടന വാദിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പാക് ഭരണകൂടം ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ജൂൺ 9-ലെ ഹർത്താലിന് മുന്നോടിയായി പ്രദേശത്തുനിന്ന് വിനോദസഞ്ചാരികളോട് മാറിനിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് പാക് അധീന കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി.
പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളിൽ പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

