ദില്ലിയിൽ നടന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്ത്. പ്രതിപക്ഷ പാർട്ടികളുടെ യോഗങ്ങൾ മുൻപ് സ്റ്റേഡിയങ്ങളിൽ നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ചെറിയ മുറിയിലേക്ക് ചുരുങ്ങിയെന്ന് ബിജെപി എംപി സംബിത് പത്ര പരിഹസിച്ചു.
സഖ്യത്തിന് ജനപിന്തുണയും വിശ്വാസ്യതയും പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെ, എഎപി തുടങ്ങിയ പ്രമുഖ പാർട്ടികൾ യോഗത്തിൽ നിന്ന് വിട്ടുനിന്നത് സഖ്യത്തിന്റെ ദൗർബല്യമായാണ് ബിജെപി വിലയിരുത്തുന്നത്.
സംബിത് പത്രയുടെ വാക്കുകൾ ഇങ്ങനെ: “മുൻപ് ഈ യോഗങ്ങൾ സ്റ്റേഡിയങ്ങളിലായിരുന്നു നടന്നിരുന്നത്. ബെംഗളൂരുവിൽ എല്ലാവരും കൈകോർത്തു നിന്നു.
ക്രമേണ, ഈ യോഗങ്ങൾ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ ഒരു ചെറിയ മുറിയിലേക്ക് ഒതുങ്ങി. തമിഴ്നാട്ടിൽ കോൺഗ്രസ് പെട്ടെന്നുതന്നെ മറ്റൊരു പാർട്ടിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചു.
എന്നാൽ ബംഗാളിൽ തോറ്റപ്പോൾ അവർ മുറവിളി കൂട്ടുകയാണ്. രാജ്യം മുഴുവൻ ഈ കാപട്യം കാണുന്നുണ്ട്”.
പ്രതിപക്ഷ പാർട്ടികൾക്ക് താഴെത്തട്ടിൽ യാതൊരുവിധ സ്വാധീനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, രാഹുൽ ഗാന്ധിയുടെ സാന്നിധ്യം സഖ്യകക്ഷികളുടെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമല്ലെന്നും സംബിത് പത്ര കുറ്റപ്പെടുത്തി.
ഇതേ വേഗതയിൽ മുന്നോട്ട് പോയാൽ അടുത്ത യോഗങ്ങൾ ഒരു കാറിനുള്ളിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, മല്ലികാർജുന ഖാർഗെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 22 പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു.
സർവകക്ഷി യോഗം വിളിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി യോഗത്തിന് ശേഷം മല്ലികാർജുന ഖാർഗെ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇനി മുതൽ രണ്ടു മാസത്തിലൊരിക്കൽ ഇന്ത്യാ സഖ്യ നേതാക്കൾ യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

