ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോക്കെതിരെ കൊറിയൻ യൂട്യൂബർ സുമിൻ രംഗത്ത്. ഗർഭിണിയായി വേഷം ധരിച്ച ഒരു കൊറിയൻ യുവാവിന് ഇന്ത്യയിൽ വെച്ച് ദുരനുഭവം ഉണ്ടായെന്ന രീതിയിലാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്.
ഇതിൽ യുവാവിനെ ചിലർ മോശമായി സ്പർശിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ, ഈ ദൃശ്യങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് സുമിൻ വ്യക്തമാക്കി.
സുമിൻ ത്രെഡ്സ് പ്ലാറ്റ്ഫോമിലൂടെ നൽകിയ വിശദീകരണം ഇങ്ങനെയാണ്: “‘ഗർഭിണിയായി വേഷം ധരിച്ചത് ബംഗ്ലാദേശിലാണ്, ഹോളി ആഘോഷത്തിന്റെ വീഡിയോ കഴിഞ്ഞ കൊല്ലം ഇന്ത്യയിൽ നിന്നുള്ളതാണ്. വീഡിയോ എഡിറ്റ് ചെയ്തയാൾ അത് കൂടുതൽ വിവാദമാക്കാൻ വേണ്ടി തനിക്ക് തോന്നിയതുപോലെ ചെയ്യുകയായിരുന്നു’.
രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ദൃശ്യങ്ങൾ കൃത്രിമമായി കൂട്ടിച്ചേർത്താണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്.” താൻ ഹോളി ആഘോഷത്തിൽ വേഷം മാറിയിരുന്നില്ലെന്നും, തന്റെ നീണ്ട മുടി കണ്ട് വീഡിയോയിൽ സ്ത്രീയായി തെറ്റിദ്ധരിച്ചതാകാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾക്ക് തന്റെ വീഡിയോ ഉപയോഗിക്കരുതെന്ന് അദ്ദേഹം കർശനമായി ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളും ജീവിതരീതികളും അടുത്തറിയുക എന്നതാണ് തന്റെ യാത്രാ ലക്ഷ്യമെന്നും, ഏതെങ്കിലും രാജ്യത്തെയോ സമൂഹത്തെയോ അവഹേളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുമിൻ വ്യക്തമാക്കി.
കൃത്യമായ അന്വേഷണം നടത്താതെ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

