പ്രശസ്ത കലാകാരി ശ്രീജ കളപ്പുരയ്ക്കലിന് നേരെ അയൽവാസിയുടെ ആക്രമണം. എറണാകുളം ജില്ലയിലെ മുനമ്പം, അയ്യമ്പിള്ളി കുഴുപ്പിള്ളിയിൽ വെച്ചാണ് സംഭവം നടന്നത്.
കുഴുപ്പിള്ളി വില്ലേജിലെ അയ്യമ്പിള്ളി കരയിലുള്ള മനപ്പിള്ളി റോഡിൽ താമസിക്കുന്ന സണ്ണി എന്നയാൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഇയാളെ മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയുടെ വീടിന് മുന്നിലെ റോഡിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇയാൾ മണ്ണിട്ട് തടഞ്ഞത് ശ്രീജ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്. എഫ്ഐആറിൽ പറയുന്നതനുസരിച്ച്, ഈ വിഷയത്തിൽ ശ്രീജ ഇടപെടുകയും പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സംസാരിക്കുകയും ചെയ്തിരുന്നു.
ഇതിലുള്ള വിരോധം കാരണം പ്രതി ശ്രീജയെ ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇരുമ്പുചൂൽ ഉപയോഗിച്ച് അവരുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് ശേഷം തന്റെ കഴുത്തും തലയും ചലിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ശ്രീജ വ്യക്തമാക്കി. പോലീസ് സ്ഥലത്തെത്തി മൊഴിയെടുത്തതായും അവർ അറിയിച്ചു.
ബിഎൻഎസ് 118 (1) വകുപ്പ് പ്രകാരം അപകടകരമായ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരമ്പരാഗത കാൻവാസുകൾക്ക് പകരം പ്രകൃതിദത്തമായ വസ്തുക്കളിൽ ചിത്രരചന നടത്തി ശ്രദ്ധേയയായ കലാകാരിയാണ് ശ്രീജ കളപ്പുരയ്ക്കൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

