പത്തനംതിട്ട ജില്ലയിലെ പന്തളത്ത് നടന്ന ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവന്ന പ്രത്യേക സംഘം, ലഹരി കടത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ പൗരനെ ദില്ലിയിൽ നിന്ന് പിടികൂടി.
ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ സംസ്ഥാന പൊലീസ് ആവിഷ്കരിച്ച പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് പ്രതിയായ സാമുവേൽ ക്ലിഫ്സണെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഴ്ച പന്തളം പൊലീസ് നടത്തിയ പരിശോധനയിൽ 300 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ദമ്പതികൾ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി മാഫിയയുടെ ദില്ലി ബന്ധത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
തുടർന്ന് പത്തനംതിട്ട എസ്പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ദില്ലിയിലേക്ക് തിരിക്കുകയായിരുന്നു.
ദില്ലി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ വിമാനമാർഗം കേരളത്തിലെത്തിക്കുന്നതിനുള്ള തുക ഉൾപ്പെടെയുള്ള അടിയന്തര സൗകര്യങ്ങൾ സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്ന് വേഗത്തിൽ ലഭ്യമാക്കി.
ലഹരി കടത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ നിർണായകമായ ഈ ഓപ്പറേഷന് ഉന്നത ഉദ്യോഗസ്ഥരുടെ പൂർണ പിന്തുണ ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

