കോഴിക്കോട് കേന്ദ്രമായി നടന്ന വിവാദപരമായ കാഫിര്‍ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിൽ (SIT) ഉൾപ്പെട്ട
ഭൂരിഭാഗം ഉദ്യോഗസ്ഥരും സിപിഎം അനുഭാവമുള്ളവരാണെന്നും, അതിനാൽ നിഷ്പക്ഷമായ അന്വേഷണം സാധ്യമല്ലെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ ആരോപിച്ചു. കേസ് അന്വേഷിക്കുന്ന സംഘത്തെ ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയതായി വി പി ദുല്‍ഖിഫില്‍ വ്യക്തമാക്കി.
മേല്‍നോട്ടം വഹിക്കുന്ന വടകര റൂറല്‍ എസ്പി നേരത്തെ ഈ വിഷയത്തിൽ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണ സംഘത്തിലെ സിഐയും എസ്ഐമാരും മുൻകാലങ്ങളിൽ സിപിഎം താത്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി മൂന്ന് പേർക്ക് കൂടി ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്കാണ് ചോദ്യം ചെയ്യലിനായി നിർദ്ദേശം നൽകിയിരിക്കുന്നത്.
വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നോട്ടീസ് ലഭിച്ചവർ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പേജുകളിലും ഈ സന്ദേശം പ്രചരിപ്പിച്ചവരാണെന്ന് പോലീസ് കരുതുന്നു.
ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതോടൊപ്പം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ-യ്ക്ക് വീണ്ടും കത്തയക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.
സാങ്കേതിക വിവരങ്ങൾ കൂടുതൽ വ്യക്തതയോടെ ലഭ്യമാക്കുന്നതിനാണ് കമ്പനിയെ വീണ്ടും സമീപിക്കുന്നത്. വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.
ശൈലജയെ ‘കാഫിർ’ എന്ന് അഭിസംബോധന ചെയ്തും, യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തും പ്രചരിച്ച വ്യാജ വാട്സാപ്പ് സന്ദേശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എം.എസ്.എഫ് നേതാവ് പി.കെ.
മുഹമ്മദ് കാസിമിന്റെ പേരിൽ ഈ സന്ദേശം പ്രചരിച്ചെങ്കിലും, പോലീസ് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു. ‘റെഡ് എൻകൗണ്ടർ’, ‘വടകര സ്ക്വാഡ്’ തുടങ്ങിയ സൈബർ ഗ്രൂപ്പുകളിലൂടെയാണ് ഈ വ്യാജ സന്ദേശം ആദ്യം പ്രചരിച്ചതെന്ന് കണ്ടെത്തിയെങ്കിലും, സന്ദേശം നിർമ്മിച്ച യഥാർത്ഥ വ്യക്തിയെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

