മധ്യപ്രദേശിലെ ഇൻഡോറിലുള്ള പ്രമുഖ സർക്കാർ ആശുപത്രിയിൽ രോഗിയായ മകനുമായി ചികിത്സ തേടിയെത്തിയ മാതാപിതാക്കൾക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണന. നട്ടെല്ലിന് പരിക്കേറ്റ 12 വയസ്സുകാരൻ ആദർശിനെയാണ് കത്തുന്ന വെയിലത്ത് സ്ട്രക്ചറിൽ കിടത്തി മാതാപിതാക്കൾ ആശുപത്രികൾക്കിടയിൽ തള്ളിക്കൊണ്ടുപോയത്.
സംഭവം നടന്നത് ഇൻഡോറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. കഴിഞ്ഞ 15 ദിവസമായി എം.വൈ ആശുപത്രിയിലെ ചെസ്റ്റ് വാർഡിൽ ചികിത്സയിലായിരുന്ന ആദർശിനെ വിദഗ്ധ ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ, ഒരു കിലോമീറ്ററോളം അകലെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കാൻ ആംബുലൻസോ, വാർഡ് ബോയിയുടെ സേവനമോ, അറ്റൻഡറോ ലഭ്യമാക്കിയില്ല. കടുത്ത വേനൽച്ചൂടിൽ മകന്റെ ശരീരത്തിൽ വെള്ളം നനച്ച തുണിയിട്ടാണ് അമ്മ അവനെ സംരക്ഷിച്ചത്.
പിതാവ് സ്ട്രക്ചർ തള്ളിയാണ് ആശുപത്രിയിലെത്തിയത്. എന്നാൽ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയപ്പോഴാകട്ടെ കുട്ടിയെ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല.
ഫയലുകൾ മാത്രം പരിശോധിച്ചാൽ മതിയെന്നും കുട്ടിയെ തിരികെ കൊണ്ടുപോകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും അതേ ചൂടിൽ സ്ട്രക്ചർ വലിച്ച് മാതാപിതാക്കൾക്ക് എം.വൈ ആശുപത്രിയിലേക്ക് മടങ്ങേണ്ടി വന്നു.
സംഭവം വൻ വിവാദമായതോടെ എം.വൈ ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.
കുട്ടി ഏത് വാർഡിൽ നിന്നാണ് വന്നതെന്ന് പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, താൻ ശസ്ത്രക്രിയയിൽ ആയിരുന്നതിനാലാണ് കാര്യങ്ങൾ അറിയാൻ വൈകിയതെന്നാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ.
പീയൂഷ് പഞ്ചാരിയയുടെ പ്രതികരണം. അത്യാധുനിക സൗകര്യങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും സാധാരണക്കാരായ രോഗികളോട് ഭരണകൂടം കാണിക്കുന്ന ഈ അനാസ്ഥ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

