ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട മലയാളി നഴ്സുമാർ അടക്കമുള്ളവരുടെ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു.
ആശുപത്രിയുടെ പ്രവർത്തനം നിലച്ചതോടെ നൂറുകണക്കിന് ഇന്ത്യാക്കാരാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാക്കാൻ യു.എ.ഇ ഭരണകൂടവുമായി കേന്ദ്ര സർക്കാർ ഉന്നതതല ചർച്ചകൾ നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇത് കേവലം ഒരു തൊഴിൽ നഷ്ടം എന്നതിലുപരി, നിരവധി കുടുംബങ്ങളുടെ ജീവിതസാഹചര്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. പ്രതിസന്ധിയിലായവർക്ക് യു.എ.ഇ-യിൽ തന്നെ ബദൽ തൊഴിൽ കണ്ടെത്തുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സഹായം നൽകണം.
കൂടാതെ, വിസാ കാലാവധിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളിൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ നയതന്ത്രതലത്തിൽ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പതിറ്റാണ്ടുകളായി യു.എ.ഇ-യെ തങ്ങളുടെ രണ്ടാമത്തെ വീടായി കരുതി കഴിയുന്ന പ്രവാസികൾ, ആശുപത്രിയുടെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ കാരണം വലിയ മാനസികവും സാമ്പത്തികവുമായ സമ്മർദ്ദത്തിലാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ദുരിതത്തിലായ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കാനും അവർക്ക് ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാനും നോർക്കക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ സമയബന്ധിതമായ ഇടപെടൽ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി കത്തിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

