ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ കുടുംബങ്ങൾ പാചകവാതകത്തിന് നൽകുന്നത് വളരെ കുറഞ്ഞ തുകയാണെന്ന വാദവുമായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം രംഗത്ത്. അടുത്തിടെ എൽപിജി സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചിരുന്നു.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വിലയിൽ മാറ്റം വരുത്തുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ 14.2 കിലോഗ്രാം വരുന്ന ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു.
ഇതിനു മുൻപ് മാർച്ച് 7-ന് സിലിണ്ടറൊന്നിന് 60 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ വില കുത്തനെ ഉയരുമ്പോഴും അതിന്റെ പൂർണഭാരം ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാതെ സർക്കാർ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
സബ്സിഡി ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ അവകാശപ്പെടുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം ആദ്യത്തെ നാല് റീഫില്ലുകൾക്ക് 300 രൂപ വീതം നേരിട്ടുള്ള ആനുകൂല്യം ലഭിക്കുന്നുണ്ട്.
ഇത് പ്രകാരം അവർക്ക് 642 രൂപയ്ക്ക് സിലിണ്ടർ ലഭ്യമാകും. പദ്ധതിയിൽ ഉൾപ്പെടാത്ത ഉപഭോക്താക്കൾ നൽകുന്ന 942 രൂപ പോലും അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാൾ 45 ശതമാനം കുറവാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
വിവിധ രാജ്യങ്ങളിലെ 14.2 കിലോഗ്രാം സിലിണ്ടറിന്റെ നിരക്കുകൾ കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇങ്ങനെയാണ്:
* പാക്കിസ്ഥാൻ: 1,046 രൂപ
* നേപ്പാൾ: 1,207 രൂപ
* ബംഗ്ലദേശ്: 1,225 രൂപ
* ശ്രീലങ്ക: 1,241 രൂപ
* അമേരിക്ക: 1,755 രൂപ
* ഓസ്ട്രേലിയ: 1,765 രൂപ
* കാനഡ: 2,411 രൂപ
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യങ്ങളാണ് പാചകവാതക വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നിരുന്നാലും, ഇന്ത്യയിലെ ആളോഹരി വരുമാനവും ജനങ്ങളുടെ വാങ്ങൽ ശേഷിയും പരിഗണിക്കുമ്പോൾ സാധാരണക്കാർക്ക് പാചകവാതകം ഇപ്പോഴും വലിയൊരു സാമ്പത്തിക ബാധ്യതയാണെന്ന വസ്തുത നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

