കർണാടകയിലെ മൈസൂരുവിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട
ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരണപ്പെട്ടത്. മണ്ഡ്യയിലെ സ്വകാര്യ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു അലീന.
ജൂൺ 06, 2026 രാവിലെയാണ് അപകടം സംഭവിച്ചത്. ഇന്തുവാലുവിലെ സർവീസ് റോഡിലൂടെ അലീനയും സുഹൃത്തും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ, പിന്നാലെ വന്ന ടിപ്പർ ലോറി വാഹനത്തിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ അലീന സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സൗദി അറേബ്യയിലായിരുന്ന മാതാപിതാക്കളായ അനു മാത്യുവും ലിൻസി സൂസൻ അനുവും നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.
അലൻ അനു ആണ് സഹോദരൻ. സുവർണ കർണാടക കേരള സമാജം ഭാരവാഹികളുടെ നേതൃത്വത്തിൽ ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും തുടർനടപടികൾ പൂർത്തിയാക്കി.

