കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രശസ്ത ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. മലയാളികളുടെ സിനിമാ കാഴ്ചകളിലും ജീവിതത്തിന്റെ ഇടവേളകളിലും ഒരുപോലെ ചിരി പടർത്തിയ ഈ അതുല്യ കലാകാരൻ, അവസാന നാളുകളിലും സുഹൃത്തുക്കളുമായി ഫോണിലൂടെയും മറ്റും സജീവമായി ഇടപെട്ടിരുന്നു.
ശാരീരികമായ അവശതകൾക്കിടയിലും തന്നെ സ്നേഹിക്കുന്നവരോട് സംവദിക്കാൻ അദ്ദേഹം എപ്പോഴും സമയം കണ്ടെത്തിയിരുന്നു. അന്ത്യനിമിഷങ്ങളിൽ ഭാര്യ സുനിതയും മക്കളായ ചന്തുവും ആരോമലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വിവരമറിഞ്ഞ് സിനിമാരംഗത്തെ പ്രമുഖരായ ദിലീപ്, നാദിർഷ, രമേഷ് പിഷാരടി എംഎൽഎ, ശ്വേത മേനോൻ, കുക്കു പരമേശ്വരൻ, ആന്റോ ജോസഫ്, സംവിധായകൻ ചിദംബരം, നടൻ റോണി തുടങ്ങിയവർ ആശുപത്രിയിൽ എത്തിച്ചേർന്നു. ഹൈബി ഈഡൻ എംപിയും സ്ഥലത്തെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
വ്യക്തിപരമായ സൗഹൃദത്തിനപ്പുറം രാഷ്ട്രീയ നിലപാടുകൾ ഏതു വേദിയിലും ഉറക്കെ പ്രഖ്യാപിക്കാൻ മടി കാണിക്കാത്ത വ്യക്തിത്വമായിരുന്നു സലിം കുമാർ എന്ന് ഹൈബി ഈഡൻ എംപി അനുസ്മരിച്ചു. വർഷങ്ങൾക്ക് മുൻപ് അമൃത ആശുപത്രിയിൽ വച്ചാണ് സലിം കുമാർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
പിന്നീട് പല പൊതുവേദികളിലും ചിരിയുടെ മാലപ്പടക്കം തീർത്ത അദ്ദേഹം, ഒടുവിൽ അതേ ആശുപത്രിയിൽ വച്ച് യാത്രയാകുമ്പോൾ ആരാധകരും സഹപ്രവർത്തകരും ഒരുപോലെ വിതുമ്പലോടെയാണ് ഓർമകൾ പങ്കുവയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ അനുശോചന കുറിപ്പിൽ സലിം കുമാറുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വാചാലനായി. “ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ.
അയാളും ഞാനും തമ്മിൽ അതിതീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാൾ.
എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ്പറഞ്ഞൊരാൾ. വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ച് അൽപം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവർത്തിച്ചു പറയുന്ന ഒരാൾ.
ഞാൻ കോൺഗ്രസുകാരനാണെന്നു പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ. ഹാസ്യം മാത്രമല്ല എന്തും തനിക്കു വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
ഒരു മുഖം കൊണ്ടു ചിരി പകരുമ്പോൾ മറുഭാഗത്ത് കണ്ണീരിന്റെ ഹൃദയത്തിലേക്കു പകരുകയായിരുന്നു സലിംകുമാർ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെയും എനിക്ക് ഒരു കൂടപ്പിറപ്പിനെയും നഷ്ടമായി.
വിട സലിംകുമാർ”.

