തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽപ്പാത പദ്ധതി സംബന്ധിച്ച് ഇ.ശ്രീധരൻ സമർപ്പിച്ച ശുപാർശകൾ പരിശോധിക്കുന്നതിനായി സംസ്ഥാന സർക്കാർ നാലംഗ സമിതിക്ക് രൂപം നൽകി. ഗതാഗത വകുപ്പ് സെക്രട്ടറിയാണ് ഈ സമിതിയുടെ അധ്യക്ഷൻ.
വിദഗ്ധ സമിതിയിലെ മറ്റ് അംഗങ്ങൾ ഇപ്രകാരമാണ്:
റെയിൽവേ വിദഗ്ധൻ ജെ.വിനയൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.സി.വീരമണി, പരിസ്ഥിതി പ്രവർത്തകൻ ഡോ.ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിലുള്ളത്. കെ റെയിൽ പദ്ധതിയെ മുൻപ് ശക്തമായി എതിർത്തിരുന്ന വ്യക്തിയാണ് ഡോ.
ശ്രീധർ രാധാകൃഷ്ണൻ എന്നത് ശ്രദ്ധേയമാണ്. ഇ.ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പാതയുടെ പ്രായോഗികതയും സാങ്കേതിക വശങ്ങളും ഈ സമിതി വിശദമായി പരിശോധിക്കും.
സമിതിയുടെ റിപ്പോർട്ടും നിർദേശങ്ങളും കൂടി പരിഗണിച്ച ശേഷമായിരിക്കും പദ്ധതിയുടെ തുടർനടപടികളിലേക്കും അന്തിമ അനുമതിയിലേക്കും സർക്കാർ കടക്കുക. കഴിഞ്ഞ ആഴ്ചയാണ് ഈ പദ്ധതിക്കായി ഇ.ശ്രീധരൻ തയ്യാറാക്കിയ ഇടക്കാല റിപ്പോർട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയത്.
473.20 കിലോമീറ്റർ ദൈർഘ്യമുള്ള പാത തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ചിലവ് സംബന്ധിച്ച് ഇതിനകം ചർച്ചകൾ ഉയർന്നു കഴിഞ്ഞു.
ഒരു കിലോമീറ്റർ ഉയരപാതയ്ക്ക് 127 കോടി രൂപ ചിലവ് കണക്കാക്കിയത് കുറവാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഭൂമി നിരപ്പിൽ നിർമ്മിക്കുന്ന ഒരു കിലോമീറ്റർ ഇരട്ടപ്പാതയ്ക്ക് ഭൂമി വിലയുൾപ്പെടെ 85 മുതൽ 100 കോടി രൂപ വരെ ചിലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാൽ, തൂണുകളിലൂടെയുള്ള പാത നിർമ്മിക്കുമ്പോൾ ഭൂമി കുറച്ചു മതിയാകുമെന്നതാണ് ഇതിന് മറുവാദമായി ഉയരുന്നത്. കൂടാതെ, യാത്രാ ട്രെയിനുകൾ മാത്രം ഓടുന്ന പാതയിൽ ആക്സിൽ ലോഡ് 15 ടൺ ആയി നിജപ്പെടുത്തുന്നത് നിർമ്മാണ ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

