തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തടവുകാരൻ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയം ഗൗരവമായി പരിഗണിച്ച കമ്മീഷൻ, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ജയിൽ വകുപ്പ് മേധാവി, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ എന്നിവർ സംയുക്തമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശിച്ചു.
ഈ റിപ്പോർട്ട് ലഭിച്ച ശേഷം തൃശൂരിൽ വെച്ച് നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് വീണ്ടും പരിഗണിക്കും. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിൽ പാർപ്പിച്ചത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്.
മെയ് 16-ന് അടിപിടി കേസിലാണ് പുലനാട്ടുകര സ്വദേശിയായ രേഷ് ബാബു (33) അറസ്റ്റിലായത്. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ഇദ്ദേഹം ചന്ദനത്തിരി വായിൽ കുത്തുകയും തുടർന്ന് രക്തം ഛർദ്ദിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം.
എന്നാൽ, മകന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് രേഷ് ബാബുവിന്റെ പിതാവ് ആരോപിച്ചു. ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും കമ്മീഷന്റെ തുടർനടപടികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

