രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം. 2022-23 അടിസ്ഥാന വർഷമാക്കിയതിന് ശേഷമുള്ള ആദ്യ റിപ്പോർട്ടാണ് മന്ത്രാലയം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ കൈവരിച്ച മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 7.7 ശതമാനമാണ്. തൊട്ടുമുമ്പുള്ള വർഷം ഇത് 7.1 ശതമാനമായിരുന്നു.
കേന്ദ്ര സർക്കാരും റിസർവ് ബാങ്കും വിലയിരുത്തിയ 7.6 ശതമാനമെന്ന ലക്ഷ്യത്തെ മറികടക്കാൻ രാജ്യത്തിനായി എന്നത് ശ്രദ്ധേയമാണ്. 2023-24 വർഷത്തിൽ 7.2 ശതമാനമായിരുന്നു വളർച്ചാ നിരക്ക്.
ജിഡിപി മൂല്യത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻവർഷത്തെ 299.89 ലക്ഷം കോടി രൂപയിൽ നിന്ന് 323.12 ലക്ഷം കോടി രൂപയിലേക്കാണ് രാജ്യത്തിന്റെ ജിഡിപി മൂല്യം ഉയർന്നത്.
മേഖലാ തിരിച്ചുള്ള പ്രകടനം
ഉൽപാദന മേഖലയിൽ മാനുഫാക്ചറിങ് വിഭാഗം 9.3 ശതമാനത്തിൽ നിന്ന് 10.7 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തിയത് സാമ്പത്തിക രംഗത്തിന് കരുത്തായി. വ്യാപാരം, ഹോട്ടൽ, ഗതാഗതം എന്നിവ ഉൾപ്പെടുന്ന സേവന മേഖല 6.6 ശതമാനത്തിൽ നിന്ന് 11 ശതമാനമായി കുതിച്ചു.
ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഐടി തുടങ്ങിയ മേഖലകൾ 10 ശതമാനത്തിൽ നിന്ന് 10.4 ശതമാനമായി വളർച്ച രേഖപ്പെടുത്തി. അതേസമയം, കൃഷി, ഖനനം എന്നീ മേഖലകൾ തിരിച്ചടി നേരിട്ടു.
കാർഷിക വളർച്ച 4.2 ശതമാനത്തിൽ നിന്ന് 3 ശതമാനമായും, ഖനനമേഖല 11.7 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായും കുറഞ്ഞു. വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ അവശ്യ സേവനങ്ങൾ 2.9 ശതമാനത്തിൽ നിന്ന് 1.7 ശതമാനത്തിലേക്ക് താഴ്ന്നു.
പൊതുഭരണം, പ്രതിരോധം എന്നിവ 5 ശതമാനമെന്ന സ്ഥിരത നിലനിർത്തി. ജനുവരി-മാർച്ച് പാദത്തിലെ സ്ഥിതി
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ (ജനുവരി-മാർച്ച്) 7.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഈ കാലയളവിൽ ജിഡിപി മൂല്യം 87.77 ലക്ഷം കോടി രൂപയായി ഉയർന്നു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച ആഗോള പ്രതിസന്ധികൾ വളർച്ചയെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നു.
വരും പാദങ്ങളിൽ എൽ-നിനോ പ്രതിഭാസവും കാർഷിക മേഖലയിലെ പ്രതിസന്ധിയും വെല്ലുവിളിയാകുമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2026-27 വർഷത്തെ വളർച്ചാ അനുമാനം 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്.
ലോകത്തെ വലിയ സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരുകയാണ്. പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഈ പ്രകടനം ഏറെ മുന്നിലാണ്.
യുഎസ് (1.6%), ചൈന (5%), യുകെ (0.6%), ജർമനി (0.3%), ഫ്രാൻസ് (-0.1%), ജപ്പാൻ (2.1%), ദക്ഷിണ കൊറിയ (1.7%), ഇറ്റലി (0.3%), ഇന്തൊനീഷ്യ (5.61%) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ രാജ്യങ്ങളുടെ വളർച്ചാ നിരക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

