ബീഹാറിലെ ഗയയിൽ ‘ഗോൾഡ്മാൻ’ എന്നറിയപ്പെടുന്ന 26 കാരനായ വ്യവസായി ഇന്ദ്രജീത് കുമാർ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്ന നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. വിദേശത്തുനിന്നും വിലകൂടിയ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടാണ് ഇദ്ദേഹം തന്റെ തീരുമാനമെടുത്തത്.
രാജ്യതാത്പര്യത്തിന് മുൻഗണന നൽകുന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ അവഗണിക്കാൻ കഴിയില്ലെന്നും, നിലവിൽ തന്റെ പക്കലുള്ള 12 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ നിക്ഷേപം രാജ്യത്തിന് സംഭാവന ചെയ്യാൻ തയ്യാറാണെന്നും ഇന്ദ്രജീത് കുമാർ വ്യക്തമാക്കി. ഗയയിലെ മുരാർപൂർ കാളി സ്ഥാൻ ഗോൽബഗീച സ്വദേശിയായ ഇദ്ദേഹം നിത്യവും ഒരു കിലോഗ്രാമിലധികം സ്വർണ്ണാഭരണങ്ങൾ അണിഞ്ഞാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
പ്രശസ്ത ഗായകൻ ബപ്പി ലാഹിരിയുടെ ശൈലിയാണ് കനത്ത സ്വർണ്ണാഭരണങ്ങൾ ധരിക്കാൻ തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു. സ്മാർട്ട്ഫോണുകൾ, പഴയ മോട്ടോർസൈക്കിളുകൾ, കാറുകൾ എന്നിവയുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ഇദ്ദേഹം, തന്റെ വരുമാനത്തിന്റെ വലിയൊരു പങ്കാണ് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത്.
ഇദ്ദേഹം കൃത്യമായി നികുതിയും ജിഎസ്ടിയും ഒടുക്കുന്നുണ്ടെന്ന് പിതാവ് ദൽജീത് കുമാർ സാക്ഷ്യപ്പെടുത്തി. മുൻകാലങ്ങളിൽ പ്രതിമാസം 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ സ്വർണ്ണം വാങ്ങാറുണ്ടായിരുന്ന ഇദ്ദേഹം, ഈ വർഷം ഏപ്രിലിലാണ് അവസാനമായി സ്വർണ്ണം വാങ്ങിയത്.
കഴിഞ്ഞ മെയ് മാസത്തിൽ സ്വർണ്ണ പർച്ചേസുകൾ പൂർണ്ണമായും ഒഴിവാക്കി. 1.5 കിലോഗ്രാം ഭാരമുള്ള സ്വർണ്ണ ഷർട്ട് നിർമ്മിക്കാനും, തന്റെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഭാഗങ്ങൾ സ്വർണ്ണം പൂശാനും ലക്ഷ്യമിട്ടിരുന്ന പദ്ധതികൾ തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
2018-ൽ ഒരു വിനോദമായി ആരംഭിച്ച ഈ ശീലം പിന്നീട് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറുകയായിരുന്നു. 2030-ഓടെ 7 മുതൽ 8 കിലോഗ്രാം സ്വർണ്ണം സ്വന്തമാക്കി രാജ്യത്തെ ഏറ്റവും വലിയ ‘ഗോൾഡ്മാൻ’ ആകണമെന്നതാണ് ഇദ്ദേഹത്തിന്റെ ഭാവി ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

