പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ച സി.പി.ഐ, പ്രശ്നപരിഹാരത്തിനായി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ തേടുന്നു. പാർട്ടി ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എന്ന ആവശ്യം സി.പി.ഐ.എം ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത് പരിഹരിക്കാനാണ് സംസ്ഥാന ഘടകത്തിന്റെ നീക്കം.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.പി.ഐ സംസ്ഥാന നേതൃത്വം കേന്ദ്ര ഘടകത്തെ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, ഈ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സി.പി.ഐക്കുള്ളിൽ രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ട്. മുന്നണി യോഗങ്ങളിൽ ഉന്നയിക്കേണ്ട
ആവശ്യം നേരത്തെ പരസ്യമാക്കിയത് അനുചിതമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിമർശനമുയർന്നു. മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഈ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ആവശ്യം നിരാകരിക്കപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായെന്നും, മുന്നോട്ടുവെച്ച നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ ഇനി സാധിക്കില്ലെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സി.പി.ഐ.എം യാതൊരുവിധ ചർച്ചകൾക്കും മുതിരാതെ തള്ളിക്കളയുകയായിരുന്നു.
എ.കെ.ജി സെന്ററിൽ എത്തിയ ബിനോയ് വിശ്വത്തോട്, ഈ പദവി നൽകാൻ സാധിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് പാർട്ടി സ്വീകരിക്കേണ്ട
തുടർനടപടികൾ ആലോചിക്കുന്നതിനായി ചേർന്ന സി.പി.ഐ സെക്രട്ടേറിയേറ്റ് യോഗം, ഉന്നയിച്ച ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

