കൂട്ടിക്കലിൽ വീസ വാഗ്ദാനം നൽകി വൻ തുക തട്ടിയെടുത്ത സംഭവത്തിൽ പരാതിക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കൂട്ടിക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഓർക്കിഡ് കൺസൾട്ടൻസി എന്ന ട്രാവൽ ഏജൻസിയുടെ മറവിലാണ് തട്ടിപ്പ് നടന്നത്.
ഏജൻസി ഉടമയായ പാലകുന്നേൽ അനീഷ് ഉമ്മറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനകം നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ആറു മാസത്തിനുള്ളിൽ വീസ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച്, അഞ്ച് മുതൽ 20 ലക്ഷം രൂപ വരെയാണ് ഇവർ ഉദ്യോഗാർഥികളിൽ നിന്ന് ഈടാക്കിയത്.
പണം നഷ്ടപ്പെട്ടവർ സംഘടിച്ച് രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ ഇതിനോടകം തന്നെ നിരവധി പേരാണ് അംഗങ്ങളായി ചേർന്നിരിക്കുന്നത്. പത്തുവർഷത്തിലധികമായി വിവിധ പേരുകളിൽ പ്രവർത്തിച്ചുവന്ന ഈ സ്ഥാപനം യാതൊരുവിധ ഔദ്യോഗിക ലൈസൻസുകളുമില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്.
വിദേശ തൊഴിൽ വീസയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിന് കേന്ദ്ര വിദേശകാര്യ, തൊഴിൽ മന്ത്രാലയങ്ങളുടെ അനുമതി നിർബന്ധമാണ്.
എന്നാൽ, ഇത്തരം നിയമപരമായ രേഖകളൊന്നും ഈ സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല. ചെറുകിട
സംരംഭങ്ങൾക്കായി നൽകുന്ന ഉദ്യം റജിസ്ട്രേഷൻ മാത്രമാണ് ഇവർ കൈവശം വെച്ചിരുന്നത്. കൂടാതെ, കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രവർത്തിച്ചിരുന്ന ഈ ഏജൻസിയുടെ പഞ്ചായത്ത് ലൈസൻസ് 2025 മാർച്ചിൽ കാലാവധി അവസാനിച്ചതുമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളാണ് തട്ടിപ്പിനിരയായത്. ഓർക്കിഡ് കൺസൾട്ടൻസി എന്ന പേരിനു പുറമേ, പാലകുന്നേൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ അനീഷ് ഉമ്മറും മാനേജരും ചേർന്ന് കമ്പനി റജിസ്റ്റർ ചെയ്ത ശേഷമാണ് ഇരകളിൽ നിന്ന് തുക കൈക്കലാക്കിയിരുന്നത്.
നിയമപരമായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് തിരിച്ചറിയാതെ ലക്ഷങ്ങൾ നൽകി വഞ്ചിക്കപ്പെട്ട നിരവധിയാളുകളാണ് ഇപ്പോൾ നീതി തേടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

