പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പിടിച്ചുകുലുക്കി പുതിയ രാഷ്ട്രീയ നീക്കങ്ങൾ. പാർട്ടിയിലെ പ്രമുഖരായ ജനപ്രതിനിധികൾ ബിജെപിയിലേക്ക് ചേക്കേറാൻ ഉന്നതതല ചർച്ചകൾ നടത്തുന്നതായാണ് വിവരം.
ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 20 തൃണമൂൽ എംപിമാർ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ലോക്സഭയിൽ 28 അംഗങ്ങളും രാജ്യസഭയിൽ 13 അംഗങ്ങളുമടക്കം ആകെ 41 എംപിമാരാണ് തൃണമൂലിനുള്ളത്.
ഇതിൽ 20 പേർ പാർട്ടി വിടുകയാണെങ്കിൽ അത് പാർലമെന്റിൽ തൃണമൂലിന്റെ സ്വാധീനം പകുതിയായി കുറയ്ക്കും. കോൺഗ്രസ് കഴിഞ്ഞാൽ പ്രതിപക്ഷ നിരയിൽ ഏറ്റവും കൂടുതൽ എംപിമാരുള്ള രണ്ടാമത്തെ കക്ഷിയാണ് നിലവിൽ തൃണമൂൽ കോൺഗ്രസ്.
സംസ്ഥാന രാഷ്ട്രീയത്തിൽ നേരത്തെ തന്നെ വലിയ പ്രതിസന്ധികൾ പാർട്ടി നേരിട്ടിരുന്നു. പശ്ചിമ ബംഗാൾ നിയമസഭയിലെ 80 ടിഎംസി എംഎൽഎമാരിൽ 58 പേരുടെ പിന്തുണയോടെ ഋതബ്രത ബാനർജിയെ സ്പീക്കർ രതീന്ദ്ര ബോസ് തൃണമൂൽ പാർലമെന്ററി പാർട്ടി നേതാവായും പ്രതിപക്ഷ നേതാവായും അംഗീകരിച്ചിരുന്നു.
ഇതിനുശേഷം പാർട്ടിയുടെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും മമത ബാനർജി പിരിച്ചുവിട്ടിരുന്നു. കൂടാതെ, ലോക്സഭയിലെ തൃണമൂൽ പാർലമെന്ററി പാർട്ടി നേതാവും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും വിമത എംപിമാർ നീക്കം നടത്തുന്നതായി സൂചനയുണ്ട്.
പാർട്ടി ചിഹ്നത്തിലും ഫണ്ടിലും നിലവിൽ മമത ബാനർജി പക്ഷം അവകാശവാദം ഉന്നയിക്കുമ്പോൾ, നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഋതബ്രത ബാനർജി വിഭാഗം തങ്ങളുടെ ഔദ്യോഗിക പദവികൾ ഉറപ്പിക്കാൻ ശ്രമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

