കോഴിക്കോട്: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ഉടലെടുക്കുന്നു. പാർട്ടി നേതൃത്വം തയ്യാറാക്കിയ പട്ടിക മറികടന്ന് മന്ത്രിമാർ സ്വന്തം നിലയ്ക്ക് നിയമനങ്ങൾ നടത്തിയതാണ് അതൃപ്തിക്ക് കാരണം.
പാർട്ടിയുടെ നയപരമായ തീരുമാനങ്ങളെ മന്ത്രിമാർ അവഗണിക്കുന്നുവെന്ന ആക്ഷേപം ഇതിനകം തന്നെ പ്രവർത്തകർക്കിടയിൽ ശക്തമായിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിലുള്ള ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ ഓഫീസുകളിലെ നിയമനങ്ങൾക്കായി പാർട്ടി നേരത്തെ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
ഓഫീസുകളിൽ കളങ്കിതരായ വ്യക്തികളെ ഒഴിവാക്കുന്നതിനും ബന്ധുനിയമനങ്ങൾക്ക് തടയിടുന്നതിനുമായാണ് പാർട്ടി ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. ഇതിനായി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, പാണക്കാട് റഷീദലി തങ്ങളെയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെയും ചുമതലപ്പെടുത്തിയിരുന്നു.
പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ വഴിയും സർവീസ് സംഘടനകളുടെ ഡെപ്യൂട്ടേഷൻ വഴിയും ലഭിച്ച അയ്യായിരത്തോളം അപേക്ഷകൾ പ്രഫഷനൽ ഏജൻസിയുടെ നേതൃത്വത്തിൽ പരിശോധിക്കുകയും, യോഗ്യതയുടെ അടിസ്ഥാനത്തിൽ 150 പേരടങ്ങിയ അന്തിമ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. ഈ പട്ടികയിൽ നിന്ന് മാത്രമായി 15 പേരെ നിയമിക്കണമെന്ന കർശന നിർദേശം നേതൃത്വം മന്ത്രിമാർക്ക് നൽകിയിരുന്നു.
ജൂൺ ഒന്നു മുതൽ നിയമന ഉത്തരവുകൾ നൽകാനായിരുന്നു തീരുമാനം. എന്നാൽ, തിരുവനന്തപുരത്ത് എത്തിയ ഉദ്യോഗാർഥികൾക്ക് ലഭിച്ച വിവരം പ്രകാരം, മന്ത്രിമാരുടെ ഓഫീസുകളിലെ 90 ശതമാനത്തോളം നിയമനങ്ങളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
ചുരുക്കം ചിലർക്ക് മാത്രമാണ് നിയമനം നൽകാൻ മന്ത്രിമാർ തയ്യാറായിട്ടുള്ളത്. പാർട്ടിയുമായി യാതൊരു കൂടിയാലോചനയും നടത്താതെ സ്വീകരിച്ച ഈ നടപടി വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
അതേസമയം, മന്ത്രിമാരുടെ പ്രവർത്തന സൗകര്യാർത്ഥം സ്വന്തം നിലയ്ക്ക് സ്റ്റാഫിനെ തിരഞ്ഞെടുക്കാൻ ചില മുതിർന്ന നേതാക്കൾ നൽകിയ അനുമതിയാണ് പാർട്ടി പട്ടിക തള്ളാൻ മന്ത്രിമാർക്ക് പ്രേരണയായതെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

