ഒറ്റപ്പാലം പാതയിലെ ശ്രദ്ധേയമായ കേന്ദ്രമായിരുന്ന പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിച്ചു. സ്റ്റേഷൻ നിലനിർത്താനുള്ള അവസാന സാധ്യതകളും മങ്ങിക്കൊണ്ട് റെയിൽവേ അധികൃതർ ഇവിടുത്തെ പ്ലാറ്റ്ഫോം പൂർണ്ണമായും പൊളിച്ചുനീക്കി.
നിലവിൽ തകർച്ച നേരിടുന്ന ചെറിയൊരു ടിക്കറ്റ് കൗണ്ടർ മാത്രമാണ് സ്റ്റേഷൻ പരിസരത്ത് അവശേഷിക്കുന്നത്. ടിക്കറ്റ് വിൽപനയ്ക്കായി ഏജന്റുമാരെ ലഭിക്കാത്തതിനെ തുടർന്ന് ഒന്നര വർഷത്തോളമായി സ്റ്റേഷന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു.
2024 ഒക്ടോബർ 29-ന് മുൻപുണ്ടായിരുന്ന ഏജന്റിന്റെ കാലാവധി അവസാനിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തുടർന്ന് റെയിൽവേ കമേഴ്സ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജീവനക്കാരെ നിയമിച്ച് ഡിസംബർ മാസം വരെ സ്റ്റേഷൻ പ്രവർത്തിപ്പിച്ചു.
എന്നാൽ പുതിയ ഏജന്റിനെ കണ്ടെത്താനുള്ള അധികൃതരുടെയും നാട്ടുകാരുടെയും ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ 2025 ജനുവരി 1-ന് സ്റ്റേഷൻ പൂർണ്ണമായും അടച്ചുപൂട്ടി. ടിക്കറ്റ് ബുക്കിംഗ് മിക്കവാറും ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറിയത് ഏജന്റുമാരുടെ വരുമാനത്തെ കാര്യമായി ബാധിച്ചത് സ്റ്റേഷന്റെ നടത്തിപ്പിനെ തളർത്തിയിരുന്നു.
സമാന സാഹചര്യത്തിലായിരുന്ന കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട്, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ എന്നീ ഹാൾട്ട് സ്റ്റേഷനുകൾ ജനപ്രതിനിധികളുടെ ഇടപെടലിലൂടെ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും പാലപ്പുറത്തിന് അത്തരമൊരു പരിഗണന ലഭിച്ചില്ല. പ്ലാറ്റ്ഫോം പൊളിച്ചതിനൊപ്പം റെയിൽവേ ട്രാക്കിലേക്ക് പ്രവേശിക്കുന്ന വഴിയും അധികൃതർ അടച്ചു.
റോഡ് അവസാനിക്കുന്ന ഭാഗത്ത് ഉരുക്കുതൂണുകൾ സ്ഥാപിച്ച് മണ്ണുപയോഗിച്ച് ഉയർത്തിയതോടെ പ്രദേശവാസികളുടെ യാത്ര ദുസ്സഹമായിരിക്കുകയാണ്. ഭാരതപ്പുഴയോടു ചേർന്നുള്ള കൃഷിഭൂമികളിലേക്കുള്ള വഴിയും ഇതോടെ തടസ്സപ്പെട്ടു.
മഴവെള്ളം ട്രാക്കിലേക്ക് ഒഴുകാതിരിക്കാൻ റെയിൽവേ വലിയ ചാൽ നിർമ്മിച്ചതും നാട്ടുകാർക്ക് തിരിച്ചടിയായി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ, മധ്യമേഖല ജനറൽ സെക്രട്ടറി ടി.ശങ്കരൻകുട്ടി, കെ.പി.ജയന്തി, എ.സരൂപ്, കെ.പി.കൃഷ്ണകുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വിഷയത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്ന് നേതാക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

