സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ വിശകലനവുമായി യുഡിഎഫ് പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ. സംസ്ഥാനത്ത് നിലവിൽ മറ്റൊരു സർക്കാർ എന്ന നിലയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു.
കിഫ്ബിയുടെ നിലവിലെ പ്രവർത്തനരീതിയിൽ അടിമുടി മാറ്റങ്ങൾ അനിവാര്യമാണെന്നും പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രധാന കണ്ടെത്തലുകൾ
കിഫ്ബി അക്കൗണ്ടുകൾ, മസാല ബോണ്ടുകൾ, കൺസൾട്ടൻസികൾക്ക് നൽകിയ തുകകൾ, ബാങ്കുകളിൽ നിക്ഷേപിച്ച തുകകൾ എന്നിവ സംബന്ധിച്ച് ഫൊറൻസിക് ഓഡിറ്റ് നടത്താൻ ധവളപത്രം നിർദ്ദേശിക്കുന്നു.
കിഫ്ബിയുടെ കടമെടുപ്പ് ഔദ്യോഗിക ബജറ്റിൽ ഉൾപ്പെടാത്തത് ധനകാര്യ അച്ചടക്കത്തെ ബാധിക്കുന്നുണ്ടെന്നും, ഇത് നിയമസഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി തുടങ്ങിയ സർക്കാർ വരുമാന സ്രോതസ്സുകളിൽ നിന്നാണ് കിഫ്ബിക്കുള്ള ഫണ്ട് കണ്ടെത്തുന്നത്.
ഇത് സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കുന്നുണ്ട്. രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം
കിഫ്ബി ഇതുവരെയുള്ള എല്ലാ രേഖകളും നിലവിലുള്ള ബാധ്യതകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും സർക്കാരിന് ഉടൻ സമർപ്പിക്കണമെന്ന് ധവളപത്രത്തിൽ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ, ധനവകുപ്പിന്റെ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന കിഫ്ബിയുടെ കടമെടുപ്പുകൾ സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പദ്ധതി വിതരണത്തിലെ രാഷ്ട്രീയ ഇടപെടൽ
പദ്ധതികളുടെ വിതരണത്തിൽ തന്ത്രപരമായ മുൻഗണനകളേക്കാൾ രാഷ്ട്രീയം പ്രതിഫലിക്കുന്നുണ്ടെന്നും റിപ്പോർട്ട് വിമർശിക്കുന്നു.
കണക്കുകൾ പ്രകാരം, ആകെ അംഗീകരിച്ച പദ്ധതികളിൽ 20 ശതമാനവും നൽകിയ തുകയിൽ 19 ശതമാനവും കണ്ണൂർ ജില്ലയിലാണ് ചിലവഴിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇത് യഥാക്രമം 17 ശതമാനവും 11 ശതമാനവും മാത്രമാണ്.
സർക്കാർ നേരിട്ട് വായ്പ എടുക്കുന്നതിനേക്കാൾ ഉയർന്ന നിരക്കാണ് കിഫ്ബിയുടെ ഫണ്ട് സമാഹരണത്തിനുള്ള ചെലവ്. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഫ്ബിയുടെ ഘടനയിൽ ഭേദഗതികൾ വരുത്തുമെന്നും, സുതാര്യമായ രീതിയിൽ ചെലവുകൾ ക്രമീകരിച്ച് പ്രവർത്തനമികവ് ഉറപ്പുവരുത്തുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

