സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് തന്നെ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുകയാണ്. നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ടാകും.
തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴി സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുന്നതിന് കാരണമാകും. ഇതോടൊപ്പം ലക്ഷദ്വീപ്, തമിഴ്നാട്, ബംഗാൾ ഉൾക്കടൽ തുടങ്ങിയ പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ: ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ കഴിയുന്നവർ അധികൃതരുടെ നിർദേശപ്രകാരം പകൽ സമയം തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കേണ്ടതാണ്.
ഇതിനായി റവന്യൂ, തദ്ദേശ ഭരണകൂടങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. ബലഹീനമായ മേൽക്കൂരകളുള്ള വീടുകളിൽ താമസിക്കുന്നവരും കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ള ഇടങ്ങളിലുള്ളവരും മുൻകരുതൽ സ്വീകരിക്കണം.
ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ വിശദമായ മാർഗനിർദേശങ്ങൾ ലഭ്യമാണ്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കുന്നതോ, ജലാശയങ്ങളിൽ കുളിക്കുന്നതോ, മീൻപിടുത്തത്തിൽ ഏർപ്പെടുന്നതോ കർശനമായി ഒഴിവാക്കണം. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ സെൽഫി എടുക്കുന്നതും കാഴ്ച കാണാനായി കൂട്ടം കൂടി നിൽക്കുന്നതും അപകടകരമാണ്.
അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്നും, വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ കാലാവസ്ഥാ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായും ഉപേക്ഷിക്കണമെന്നും നിർദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

