ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ തീരുമാനിച്ചതിന് പിന്നാലെ, അടുത്ത നായകനെ ചൊല്ലി ടീം മാനേജ്മെന്റിൽ ഭിന്നാഭിപ്രായങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിലാണ് ഈ വിഷയത്തിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്.
വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. സഞ്ജു സാംസണിനുള്ള പിന്തുണയും സെലക്ടർമാരുടെ ആശങ്കയും
മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത നായകനാകണമെന്നാണ് ഗൗതം ഗംഭീറിന്റെ നിലപാട്.
എന്നാൽ, താരത്തിന്റെ പ്രകടനത്തിലെ സ്ഥിരതയിൽ സെലക്ഷൻ കമ്മിറ്റിക്ക് വലിയ ആശങ്കയുണ്ട്. അതിനാൽ തന്നെ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരെ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ ബിസിസിഐ സെലക്ടർമാർ തയ്യാറല്ല.
അന്താരാഷ്ട്ര തലത്തിൽ ദീർഘകാലം ഒരേ ഫോം നിലനിർത്താൻ ഇവർക്ക് സാധിക്കുമോ എന്ന സംശയമാണ് സെലക്ടർമാർ ഉന്നയിക്കുന്നത്. ശ്രേയസ് അയ്യർ – ഗൗതം ഗംഭീർ തർക്കം
നിലവിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ ആദ്യ ചോയ്സ് ശ്രേയസ് അയ്യർ ആണ്.
എന്നാൽ, ശ്രേയസിനെ നായകനാക്കുന്നതിൽ ഗൗതം ഗംഭീറിന് ശക്തമായ വിയോജിപ്പുണ്ട്. 2024-ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം ചൂടുമ്പോൾ ശ്രേയസ് അയ്യർ നായകനും ഗൗതം ഗംഭീർ ടീം മെന്ററുമായിരുന്നു.
ആ കാലയളവിൽ ടീമിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പൂർണ്ണമായും മെന്ററായ തന്നിലേക്ക് എത്തിയെന്നും, തന്റെ ക്യാപ്റ്റൻസി പരിഗണിക്കപ്പെട്ടില്ലെന്നുമുള്ള പരിഭവം ശ്രേയസ് അയ്യർക്ക് ഉണ്ടായിരുന്നതായാണ് അഭ്യൂഹങ്ങൾ. ഈ പഴയ അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോൾ തീരുമാനങ്ങളെ ബാധിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
തിലക് വർമ്മയുടെ സാധ്യതകൾ
സഞ്ജുവിനെയും ഇഷാൻ കിഷനെയും ഒഴിവാക്കിയാൽ, 23-കാരനായ തിലക് വർമ്മ മാത്രമാണ് ശ്രേയസ് അയ്യർക്ക് പ്രധാന വെല്ലുവിളിയായി നിൽക്കുന്നത്. ടി20 ലോകകപ്പിൽ ലോവർ മിഡിൽ ഓർഡറിൽ ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ച തിലക് വർമ്മ, മുംബൈ ഇന്ത്യൻസിന്റെ ഭാവി നായകനായും പരിഗണിക്കപ്പെടുന്നുണ്ട്. ദീർഘകാലത്തേക്ക് ടീമിനെ നയിക്കാൻ കെൽപ്പുള്ള ഒരു നേതാവിനെയാണ് ബിസിസിഐ തേടുന്നതെങ്കിൽ തിലക് വർമ്മയ്ക്ക് നറുക്ക് വീണേക്കാം.
ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരെയുള്ള വരാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ ‘എ’ ടീമിനെ നയിക്കുന്നത് തിലക് വർമ്മയാണ്. ഈ ടൂർണമെന്റിലെ പ്രകടനം ഭാവി തീരുമാനങ്ങളിൽ നിർണ്ണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

