സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ കേരളാ പോലീസ് ആരംഭിച്ച പ്രത്യേക യജ്ഞമായ ഓപ്പറേഷൻ തൂഫാൻ ആദ്യദിനം തന്നെ ശക്തമായ നടപടികളിലേക്ക് കടന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ 104 കേസുകൾ രജിസ്റ്റർ ചെയ്തതായും, 137 പേരെ പിടികൂടിയതായും സംസ്ഥാന പോലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖർ അറിയിച്ചു.
പരിശോധനയിൽ 37 കിലോ കഞ്ചാവും അര കിലോ എംഡിഎംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം നൽകുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധനകൾ പുരോഗമിക്കുന്നത്.
ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി അവയെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ കണക്കുകൾ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ മാത്രം ആദ്യദിനം 46 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതിൽ 46 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കൈവശം വെച്ചതിന് ഒരു കേസും, ചെറിയ അളവിൽ ലഹരി കൈവശം വെച്ചതിന് ആറ് കേസുകളും, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 39 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
ആദ്യദിനത്തെ പരിശോധനയിൽ ജില്ലയിൽ നിന്ന് 5.997 ഗ്രാം എംഡിഎംഎയും 190.85 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഈ വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ
കോഴിക്കോട് ജില്ലയിൽ മാത്രം ഈ വർഷം ഇതുവരെ 2.655 കിലോ എംഡിഎംഎ പിടികൂടിയതായി പോലീസ് അറിയിച്ചു.
കൂടാതെ 51.475 കിലോ കഞ്ചാവ്, രണ്ട് കഞ്ചാവു ചെടികൾ, 9.6 ഗ്രാം മെത്താംഫെറ്റമിൻ, 16.91 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ജില്ലയിൽ 415 കേസുകളിലായി 513 പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇതിൽ 340 എണ്ണം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

