ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ നേതൃനിരയിൽ വിപുലമായ അഴിച്ചുപണി. സുപ്രധാന കേന്ദ്രങ്ങളിലെ ഡയറക്ടർമാർ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ പുതിയ നിയമനങ്ങൾ നടന്നു.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി), വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്സി) തുടങ്ങിയ നിർണായക കേന്ദ്രങ്ങളിൽ സ്ഥിരം മേധാവികളെ നിയമിക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ല. മേയ് 31-ഓടെ വിഎസ്എസ്സി മേധാവി എ രാജരാജൻ, ശ്രീഹരിക്കോട്ട
സതീഷ് ധവാൻ സ്പേസ് സെന്റർ മേധാവി ഇ എസ് പത്മകുമാർ, ഇസ്രൊ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് സെന്റർ (ഇസ്ട്രാക്) മേധാവി ഡോ. എ കെ അനിൽകുമാർ എന്നിവർ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.
ഇവർക്ക് കാലാവധി നീട്ടി നൽകിയിരുന്നില്ല. നേരത്തെ, ഏപ്രിൽ മാസാവസാനം സ്പേസ് അപ്ലിക്കേഷൻ സെന്റർ മേധാവി നീലേഷ് ദേശായിയും എൽപിഎസ്സി മേധാവി എം മോഹനനും പടിയിറങ്ങിയിരുന്നു.
കൂടാതെ, ബെംഗളൂരുവിലെ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക്കൽ സിസ്റ്റംസ് മേധാവി ഡോ. എൻ ശ്രീറാമും മേയ് 31-ന് വിരമിച്ചു.
ആർ വെങ്കടേശ്വരനാണ് അവിടെ പുതിയ ഡയറക്ടർ. പുതിയ ചുമതലകൾ
സ്പേസ് അപ്ലിക്കേഷൻ സെന്ററിന്റെ പുതിയ മേധാവിയായി സൗമ്യ സർക്കാർ ചുമതലയേറ്റു.
എൽപിഎസ്സിയിൽ അസോസിയേറ്റ് ഡയറക്ടർ എൻ ജയനും, വിഎസ്എസ്സിയിൽ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. യു പി രാജീവിനും താൽക്കാലിക ചുമതലകൾ നൽകിയിട്ടുണ്ട്.
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ എസ് മുത്തുച്ചെഴിയാനും, ഇസ്ട്രാക് മേധാവിയായി എം ആർ രാഘവേന്ദ്രയും സ്ഥാനമേറ്റു.
നിർണായക ഘട്ടം
അടുത്ത കാലം വരെ കാലാവധി നീട്ടി നൽകുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത്തരം നീക്കങ്ങൾ ഫലിച്ചില്ല.
തിരുവനന്തപുരം ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ്, മഹേന്ദ്രഗിരി ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സ് എന്നിവിടങ്ങളിലെ മേധാവികളും ഈ മാസം വിരമിക്കുകയാണ്. കൂടാതെ ഓഗസ്റ്റിൽ യു ആർ റാവു സാറ്റലൈറ്റ് സെന്റർ മേധാവി എം ശങ്കരനും വിരമിക്കുന്നു.
പിഎസ്എൽവി സി 62 ദൗത്യത്തിന്റെ പരാജയത്തിന് ശേഷം പുതിയ വിക്ഷേപണങ്ങൾ ഐഎസ്ആർഒ നടത്തിയിട്ടില്ല. ഗഗൻയാൻ ഉൾപ്പെടെയുള്ള അഭിമാനകരമായ പദ്ധതികളെയും വിക്ഷേപണങ്ങളെയും ട്രാക്കിലാക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് പുതിയ നേതൃനിരയ്ക്ക് മുന്നിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

